വനിതാ കമ്മീഷൻ സിറ്റിംഗ്: 41 പരാതികൾ പരിഗണിച്ചു
1516315
Friday, February 21, 2025 5:42 AM IST
മലപ്പുറം: സംസ്ഥാന വനിതാ കമ്മീഷൻ അംഗം വി.ആർ. മഹിളാ മണിയുടെ നേതൃത്വത്തിൽ മലപ്പുറം ഗവ. ഗസ്റ്റ് ഹൗസിൽ നടത്തിയ സിറ്റിംഗിൽ 41 പരാതികൾ പരിഗണിച്ചു. ഒന്പത് കേസുകൾ തീർപ്പാക്കുകയും ബാക്കി 32 കേസുകൾ അടുത്ത സിറ്റിംഗിൽ പരിഗണിക്കുന്നതിനായി മാറ്റിവയ്ക്കുകയും ചെയ്തു. കഴിഞ്ഞ സിറ്റിംഗിൽ പോലീസ് റിപ്പോർട്ടിനായി അയച്ച കേസുകളുടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.
ഗാർഹിക പീഡന പരാതികളിൽ കോടതികളിൽ നിലവിലുള്ള കേസുകളാണ് പരിഗണനക്ക് വന്നതിലധികവും. കോടതി ഉത്തരവുണ്ടായിട്ടും ചെലവിന് നൽകുന്നില്ല എന്ന കേസുകൾ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തും. ഭർത്താവിന്റെ ബന്ധുവിൽ നിന്നും പീഡനം നേരിടുന്ന കേസിൽ തുടർ നടപടികൾ സ്വീകരിക്കും. അഡ്വ. ബീന കരുവാത്ത്, കൗൺസിലർ ശ്രുതി നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.