ഉത്സവ കമ്മിറ്റികൾക്കായി നാട്ടാന പരിപാലനത്തിൽ ബോധവത്കരണം
1515981
Thursday, February 20, 2025 5:05 AM IST
മലപ്പുറം: കേരള വനം, വന്യജീവി വകുപ്പ് സാമൂഹികവനവത്ക്കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ ഉത്സവ കമ്മിറ്റികൾക്കായി നാട്ടാന പരിപാലന ചട്ടത്തെക്കുറിച്ച് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. മലപ്പുറം പ്ലാനിംഗ് സെക്രട്ടറിയേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്ന ക്ലാസ് ജില്ലാ കളക്ടർ വി.ആർ. വിനോദ് ഉദ്ഘാടനം ചെയ്തു.
നാട്ടാന പരിപാലന ചട്ടം അനുസരിച്ച് ഉത്സവങ്ങൾ നടത്താനും ആനകൾ ഇടയുന്ന സാഹചര്യം ഒഴിവാക്കാനുമാണ് ക്ലാസ് സംഘടിപ്പിച്ചത്. മലപ്പുറം സോഷ്യൽ ഫോറസ്ട്രി ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സർവേറ്റർ കെ.എ. മുഹമ്മദ് സൈനുൽ ആബിദീൻ അധ്യക്ഷത വഹിച്ചു. സോഷ്യൽ ഫോറസ്ട്രി കോഴിക്കോട് എക്സ്റ്റെൻഷൻ ഡിവിഷൻ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സർവേറ്റർ എ.പി. ഇംത്യാസ്, നിലന്പൂർ സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.ജി. അൻവർ തുടങ്ങിയവർ സംബന്ധിച്ചു.
മലപ്പുറം സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി.എസ്. മുഹമ്മദ് നിഷാൽ ക്ലാസ് നയിച്ചു. സംശയങ്ങൾക്ക് വനം ഉദ്യോഗസ്ഥർ മറുപടി നൽകി. ചർച്ചയിൽ വിവിധ ഉത്സവ കമ്മിറ്റി പ്രതിനിധികൾ പങ്കെടുത്തു സംസാരിച്ചു.