സ്ലീപ്പര്‍ കോച്ചുകളുടെ എണ്ണം പുനഃസ്ഥാപിച്ചത് ആശ്വാസമായി
1516314
Friday, February 21, 2025 5:42 AM IST
നിലമ്പൂര്‍: നിലമ്പൂരില്‍ നിന്ന് കൊച്ചുവേളി-നാഗര്‍കോവില്‍ വരെ പോകുന്ന രാത്രിവണ്ടി രാജ്യറാണി എക്സ്പ്രസിലെ സ്ലീപ്പര്‍ കോച്ചുകളുടെ എണ്ണം പൂര്‍വസ്ഥിതിയിലാക്കി ഉത്തരവിറക്കിയത് യാത്രക്കാര്‍ക്ക് ആശ്വാസമായി. രാജ്യറാണി എക്സ്പ്രസില്‍ നിലവില്‍ എട്ട് സ്ലീപ്പര്‍ കോച്ചുകളാണുള്ളത്. ഇതില്‍ നിന്നാണ് രണ്ടെണ്ണം നേരത്തെ വെട്ടിക്കുറച്ചിരുന്നത്.
കഴിഞ്ഞ മാസം 19 മുതലാണ് എട്ടില്‍ നിന്ന് രണ്ട് സ്ലീപ്പര്‍ കോച്ചുകള്‍ റെയില്‍വേ വെട്ടിക്കുറച്ചിരുന്നത്. ഇത് വലിയ പരാതിക്കിടയാക്കിയിരുന്നു. നിലമ്പൂര്‍-ഷൊര്‍ണൂര്‍ ഭാഗത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാ വണ്ടിയില്‍ ധാരാളം യാത്രക്കാരാണ് സ്ഥിരമായി ഉണ്ടാവാറുള്ളത്.
തിരുവനന്തപുരത്തെ റീജണല്‍ കാന്‍സര്‍ സെന്റലേക്കും മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കുമുള്ള നല്ലൊരു ശതമാനം യാത്രക്കാരും ആശ്രയിച്ചിരുന്നത് രാജ്യറാണിയെയായിരുന്നു.
തലസ്ഥാന നഗരിയിലേക്ക് വിവിധ ആവശ്യങ്ങള്‍ക്ക് പോകുന്നവര്‍ക്കു രാവിലെ തിരുവനന്തപുരത്തെത്തുമെന്നതിനാല് ഈ വണ്ടി വലിയ ആശ്വാസമായിരുന്നു. വിദ്യാര്‍ഥികളും വലിയ തോതിലാണ് രാജ്യറാണിയെ ആശ്രയിച്ചിരുന്നത്.
സ്ലീപ്പര്‍ കോച്ചുകള്‍ പുനഃസ്ഥാപിച്ചുകൊണ്ട് കഴിഞ്ഞ ചൊവ്വാഴ്ചയിറങ്ങിയ ഉത്തരവ് ഈ വിഭാഗങ്ങള്‍ക്കെല്ലാം വലിയ ആശ്വാസമായിരിക്കുകയാണ്. പുതിയ ഉത്തരവനുസരിച്ച് അടുത്ത ശനിയാഴ്ച മുതല്‍ കോച്ചുകളുടെ എണ്ണം എട്ടാകും.