നിലമ്പൂരില്‍ ട്രൈബല്‍ ഫെസ്റ്റ് ഇന്നുമുതല്‍
1516318
Friday, February 21, 2025 5:50 AM IST
നിലമ്പൂര്‍: കുടുംബശ്രീ ജില്ലാ മിഷന് പട്ടികവര്‍ഗ സുസ്ഥിര വികസന പരിപാടിയുടെയും നിലമ്പൂര്‍ പട്ടികവര്‍ഗ പദ്ധതിയുടെയും നേതൃത്വത്തില്‍ തദ്ദേശീയ മേഖലയില്‍ സാമൂഹ്യ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി "നങ്കമോട-2025' എന്ന പേരില്‍ പട്ടികവര്‍ഗ ഗോത്രോത്സവം നടത്തുന്നു.
പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഭാഷ, കല, സംസ്കാരം, ആവാസം, ആരോഗ്യം, നാട്ടറിവുകള്‍ എന്നിവ നിലനിര്‍ത്തുന്നത്തിനും വരും തലമുറകളിലേക്ക് കൈമാറുക എന്ന ലക്ഷ്യത്തോടെയുമാണ് 21, 22, 23 തിയതികളില്‍ നിലമ്പൂര്‍ ഒ.സി.കെ.ഓഡിറ്റോറിയത്തില്‍ വച്ച് ഫെസ്റ്റ് നടത്തുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പട്ടികവര്‍ഗ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിലൂന്നിയ സെമിനാറുകള്‍, പ്രദര്‍ശന വിപണന മേള, ഭക്ഷ്യ മേള, കുട്ടികളുടെ ഹ്രസ്വ ചലച്ചിത്ര പ്രദര്‍ശനം, ഗോത്രവിഭാഗത്തിന്റെ വാദ്യോപകരണങ്ങള്‍ തുടങ്ങിയവയുടെ പ്രദര്‍ശനം, ഗോത്ര വിഭാഗത്തിന്റെ വീടുകളുടെ ആവിഷ്കാരം, കലാസന്ധ്യകള്‍ എന്നിവയാണ് "നങ്കമോട ഗോത്രോത്സവം-2025' ലൂടെ അവതരിപ്പിക്കപ്പെടുന്നത്.
ഇന്ന് വൈകുന്നേരം നാലുമണിക്ക് കുടുംബശ്രീ സംസ്ഥാന ഗവേണിംഗ് ബോഡി എക്സിക്യൂട്ടീവ് അംഗം പി.കെ. സൈനബ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. നിലമ്പൂര്‍ നഗരസഭാധ്യക്ഷന്‍ മാട്ടുമ്മല്‍ സലീം അധ്യക്ഷത വഹിക്കും. വാർത്താസമ്മേളനത്തില്‍ കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ ബി. സുരേഷ് കുമാര്‍, ജില്ലാ പ്രോജക്ട് മാനേജര്‍ കെ.എസ്. ഹസ്കര്‍, കുടുംബശ്രീ ജില്ലാ പ്രത്യേക പദ്ധതി കോഓര്‍ഡിനേറ്റര്‍ മുഹമ്മദ് സാനു എന്നിവര്‍ പങ്കെടുത്തു.