മൈലാടിയിൽ കാട്ടാന കൃഷി നശിപ്പിച്ചു
1515990
Thursday, February 20, 2025 5:10 AM IST
നിലന്പൂർ: മൈലാടിയിൽ കാട്ടാനകൾ വ്യപകമായി കൃഷി നശിപ്പിച്ചു. കാട്ടാനകൾ കൃഷി നശിപ്പിക്കുന്നതിന്റെ സിസിടിവി ദൃശങ്ങളും ലഭിച്ചു. പുലിശല്യവും കാട്ടാനശല്യവും നിലനിൽക്കുന്ന മൈലാടിയിൽ ചുള്ളിക്കൊന്പൻ ഉൾപ്പെടെ രണ്ട് ആനകളുടെ സാന്നിധ്യം ജനങ്ങളെ ആശങ്കയിലാഴ്ത്തുകയാണ്.
ഇന്നലെ പുലർച്ചെ മൈലാടി സ്കൂളിന് പിറകുവശത്തുള്ള കൃഷിയിടങ്ങളിലും റിവേറെ എസ്റ്റേറ്റ് പരിസരത്തുള്ള കൃഷിയിടങ്ങളിലുമാണ് കാട്ടാന എത്തിയത്. തെങ്ങ്, കമുക്, വാഴ തുടങ്ങിയ കൃഷികൾ നശിപ്പിച്ചു. റിവേറെ എസ്റ്റേറ്റിന് പിൻഭാഗത്തെ ഗേറ്റിന് സമീപത്തുകൂടി ചുള്ളിക്കൊന്പൻ ഉൾപ്പെടെ രണ്ട് ആനകൾ കടന്നുപോകുന്ന ദൃശ്യങ്ങളാണ് നിരീക്ഷണ കാമറയിൽ പതിഞ്ഞത്.
നൂറുക്കണക്കിന് കുടുംബങ്ങൾ താമസിക്കുന്ന മൈലാടി ഭാഗം കുറെ നാളുകളായി കാട്ടാന ഭീതിയിലാണ്. നിലന്പൂർ - നായാടംപൊയിൽ മലയോര ഹൈവേ കടന്നുപോകുന്ന ഭാഗം കൂടിയാണിത്. തൈപറന്പിൽ ബിജു, തൈപറന്പിൽ രാജീവ്, കൊടികാരൻ റഷീദ്, മുണ്ടക്കോട് സുമേഷ്, കുന്നിക്കൽ ഗിരിഷ് എന്നിവരുടെ കൃഷികളാണ് നശിപ്പിച്ചത്. മൈലാടി, മൈലാടിപൊട്ടി ഭാഗങ്ങളിൽ കാട്ടാനകളുടെ ശല്യം അതിരൂക്ഷമായിട്ടുണ്ട്.