അതിഥി ആപ്പ്: ജില്ലയിൽ രജിസ്റ്റർ ചെയ്തത് 22000 തൊഴിലാളികൾ
1516652
Saturday, February 22, 2025 4:48 AM IST
മഞ്ചേരി: ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ വന്ന് ജോലി ചെയ്യുന്ന തൊഴിലാളികൾക്കായി രൂപപ്പെടുത്തിയ അതിഥി ആപ്പിൽ മലപ്പുറം ജില്ലയിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 22000 പേർ. ജില്ലാ ലേബർ ഓഫീസർ കെ. ജയപ്രകാശ് നാരായണനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രജിസ്ട്രേഷൻ പൂർത്തിയാക്കുന്നവർക്ക് കാർഡുകൾ വിതരണം ചെയ്തുവരികയാണ്. ഇത്തരത്തിൽ കാർഡ് ലഭിച്ചവർക്ക് കാൽലക്ഷം രൂപയുടെ മെഡിക്കൽ കവറേജ് ലഭിക്കും. മാത്രമല്ല തൊഴിലിടങ്ങളിലും മറ്റുമുണ്ടാകുന്ന അപകടങ്ങളിൽ മരണപ്പെടുന്ന തൊഴിലാളികളുടെ ആശ്രിതർക്ക് രണ്ട് ലക്ഷം രൂപയും ലഭിക്കും.
ഇന്നലെ മഞ്ചേരി നഗരസഭയിലെ അന്തർസംസ്ഥാന തൊഴിലാളികൾക്കായി സംഘടപ്പിച്ച ക്യാന്പ് ചെയർപേഴ്സണ്‍ വി.എം. സുബൈദ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ടൗണ്‍ഹാളിൽ നടന്ന ക്യാന്പിൽ വൈസ് ചെയർമാൻ വി.പി. ഫിറോസ് അധ്യക്ഷത വഹിച്ചു.
കൗണ്‍സിലർ മുജീബ് റഹ്മാൻ പരേറ്റ, മുൻ നഗരസഭ വൈസ് ചെയർമാൻ ടി.പി. വിജയകുമാർ, അസിസ്റ്റന്റ് ലേബർ ഓഫീസർമാരായ മുജീബ് റഹ്മാൻ, അബിത പുഷ്പോദരൻ, ഫാത്തിമ ഫർഹത്ത് എന്നിവർ പ്രസംഗിച്ചു. ജീവനക്കാരായ അജീഷ്, ലിന്റോ, പ്രവീണ്‍, സഞ്ജയ്, മിർസ ഷറഫലി, പ്രഭാ മുരളി, ഷൗക്കത്തലി, ജയചന്ദ്രൻ, ഫെസിലിറ്റേറ്റർ ദേവദാസ്, ചിയാക് പ്രതിനിധി മുഹമ്മദ് റാഫി എന്നിവർ നേതൃത്വം നൽകി.
ഇതിനോടനുബന്ധിച്ച് ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസും നൽകി. ഹോം ഗാർഡുമാരായ കെ. ശ്രീകുമാർ, ബാലചന്ദ്രൻ നായർ, കെ. അബ്ദുൾസത്താർ, ജോയ് ഫ്രാൻസിസ് എന്നിവർ ക്ലാസിന് നേതൃത്വം നൽകി.