കാട്ടാനയുടെ മുന്പിലകപ്പെട്ട ഓട്ടോ ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
1516285
Friday, February 21, 2025 5:09 AM IST
എടക്കര: കാട്ടാനയുടെ മുന്പിലകപ്പെട്ട ഓട്ടോ ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ആനയുടെ മുന്‍പിൽനിന്നും ഓടി രക്ഷപ്പെടുന്നതിനിടയില്‍ വീണ് പരിക്കേല്‍ക്കുകയും ചെയ്തു. വഴിക്കടവ് ആനമറി മണ്ണൂര്ക്കാട്ടില് ദിനേശ്കുമാറാണ് (45) ആനമറി കുണ്ടുറോഡില്വച്ച് കാട്ടാനയുടെ ആക്രമണത്തില്‍നിന്നും രക്ഷപ്പെട്ടത്.
വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. പുലര്‍ച്ചെ വീട്ടില്‍ നിന്നും വഴിക്കടവ് സ്റ്റാൻഡിലേക്ക് ഓട്ടോയുമായി വരുന്പോഴാണ് കുണ്ടുറോഡില് ആനയെ കണ്ടത്. കുറച്ച് ദൂരെ നിന്ന് ആനയെ കണ്ടതിനാല്‍ ഓട്ടോ പിറകോട്ടെടുക്കാന്‍ ശ്രമിക്കുകയും ഓട്ടോ മറിയുകയും ചെയ്തു.
മറിഞ്ഞ ഓട്ടോ ഉപേക്ഷിച്ച് ഇറങ്ങിയോടിയ ദിനേശ് കുമാറിന്റെ പിന്നാലെ കാട്ടാന ചീറിയടുത്തു. തൊട്ടടുത്തുള്ള വീട്ടില്‍ അഭയംതേടിയ ദിനേശ് കുമാര്‍ വീട്ടുകാരെയും കൂട്ടി ഒച്ചപ്പാടുണ്ടാക്കി ആനയെ കാടുകയറ്റുകയായിരുന്നു.
വീഴ്ച്ചയില്‍ ദിനേശിന്റെ കാലിന് പരിക്കേല്‍ക്കുകയും ചെയ്തു. ആനമറിയിലെ തേങ്ങാപറമ്പില് രാമന്, അറയന്കുഴി മുഹമ്മദാലി എന്നിവരുടെ കൃഷിയിടങ്ങളില്‍ വ്യാപക നാശം വരുത്തിയശേഷം ആന കാട് കയറുമ്പോഴാണ് ദിനേശ് കുമാര്‍ ആനയുടെ മുന്പില് അകപ്പെട്ടത്. മുഹമ്മദാലിയുടെ മോട്ടോര്‍, പൈപ്പ് ലൈന്‍ എന്നിവയും കാട്ടാന നശിപ്പിച്ചു.