മഞ്ചേരിയിലെ ട്രാഫിക് പരിഷ്കാരം നടപ്പാക്കാത്തതിൽ നഗരസഭ കൗണ്‍സിലിൽ അതൃപ്തി
1515984
Thursday, February 20, 2025 5:05 AM IST
മഞ്ചേരി: റീജണൽ ട്രാൻസ്പോർട്ട് അഥോറിറ്റി (ആർടിഎ) തീരുമാന പ്രകാരം മഞ്ചേരിയിൽ നടപ്പാക്കാൻ നിർദേശിച്ച ഗതാഗത പരിഷ്കാരം നടപ്പാക്കാതെ നീട്ടികൊണ്ടുപോകുന്നത് ബന്ധപ്പെട്ട അധികാരികൾ അവസാനിപ്പിക്കണമെന്നും അടിയന്തരമായി ട്രയൽ റണ്‍ നടത്താൻ നടപടികൾ സ്വീകരിക്കണമെന്നും നഗരസഭ കൗണ്‍സിൽ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കൗണ്‍സിലർമാരായ കണ്ണിയൻ അബൂബക്കർ അവതാരകനായും ഫൈസൽ പാലായി അനുവാദകനുമായാണ് പ്രമേയം അവതരിപ്പിച്ചത്.
മൂന്ന് തവണയാണ് സാങ്കേതിക കാരണങ്ങൾ പറഞ്ഞ് പരിഷ്കാരം മാറ്റിവച്ചത്. ട്രയൽ റണ്‍ നടത്തിയാൽ മാത്രമേ പരിഷ്കാരം വിജയകരമാണോ അല്ലയോ എന്ന് തീരുമാനിക്കാൻ സാധിക്കൂ. ഇത് നീട്ടികൊണ്ടുപോകുന്നത് അംഗീകരിക്കാനാകില്ലെന്ന് കൗണ്‍സിലർ കണ്ണിയൻ അബൂബക്കർ പറഞ്ഞു.
ആനക്കയം ഭാഗത്ത് നിന്ന് മഞ്ചേരിയിലേക്ക് വരുന്നതും ആനക്കയം ഭാഗത്തേക്ക് തിരിച്ച് പോകേണ്ടതുമായ ബസുകൾ തുറക്കൽ ബാപ്പുട്ടി ബൈപാസ്, മുനിസിപ്പൽ ഓഫീസ് വഴി സെൻട്രൽ ജംഗ്ഷനിലെത്തി അവിടെ നിന്ന് നിലന്പൂർ റോഡിലൂടെ ജസീല ജംഗ്ഷനിലെത്തി സിഎച്ച് ബൈപാസ് വഴി സീതിഹാജി സ്റ്റാൻഡിലെത്തണമെന്നതാണ് പ്രധാന പരിഷ്കാരം.
കൂടാതെ കോഴിക്കോട് റോഡ്, പാണ്ടിക്കാട് റോഡ്, സി.എച്ച് ബൈപാസ് റോഡ്, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് റോഡ് എന്നീ റോഡുകളിൽ വണ്‍ വേ സംവിധാനം ആരംഭിക്കാനും ആർടിഎ നിർദേശിച്ചിരുന്നു.
ജനുവരി 27 മുതലാണ് പരിഷ്കാരം നടപ്പാക്കാൻ തീരുമാനിച്ചിരുന്നത്. ബസുടമകളും വ്യാപാരികളും മറ്റും പ്രതിഷേധവുമായി വന്നതോടെ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി ഗതാഗത പരിഷ്കാരം നടപ്പാക്കുന്നത് ഫെബ്രുവരി 17ലേക്ക് മാറ്റി. എന്നാൽ ഇതും നടപ്പാക്കാനായില്ല.
15 ദിവസത്തേക്ക് താൽക്കാലികമായി പരിഷ്കാരം നടപ്പാക്കി കാലാവധി തീരുന്ന മുറക്ക് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്ന് പുരോഗതി വിലയിരുത്താനായിരുന്നു തീരുമാനം. ട്രയൽ റണ്‍ വിജയകരമാണെങ്കിൽ പരിഷ്കാരം തുടരുമെന്നും അറിയിച്ചിരുന്നു. ഇടത് അംഗങ്ങളുടെ വിയോജനത്തോടെയാണ് പ്രമേയം പാസാക്കിയത്.