നിലന്പൂരിൽ "നങ്കമോട’ ഗോത്രോത്സവത്തിന് തുടക്കമായി
1516639
Saturday, February 22, 2025 4:43 AM IST
നിലന്പൂർ: നിലന്പൂരിൽ "നങ്കമോട ട്രൈബൽ ഫെസ്റ്റ് 2025'ന് തുടക്കമായി. ഗോത്രവർഗ സമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് നങ്കമോടയിലൂടെ ലക്ഷ്യമിടുന്നതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കുടുംബശ്രീ ഗവേണിംഗ് എക്സിക്യൂട്ടിവ് മെന്പറുമായ പി.കെ. സൈനബ പറഞ്ഞു.
കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ തദ്ദേശീയ മേഖലയിലെ ജനവിഭാഗങ്ങൾക്കായി നിലന്പൂർ ഒസികെ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച നങ്കമോട ട്രൈബൽ ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. നങ്കമോടയിലൂടെ ഗോത്രവർഗ വിഭാഗത്തിലെ നിരവധി കലാപ്രതിഭകളെ കൈപിടിച്ച് ഉയർത്താൻ കഴിഞ്ഞു. തനത് കലാരൂപങ്ങളെ തൻമയത്വത്തോടെ അവതരിപ്പിക്കുന്നവരാണ് ഈ കലാപ്രതിഭകളെന്നും അവർ പറഞ്ഞു.
ഗോത്രവിഭാഗങ്ങളുടെ ഭക്ഷ്യമേളയിലെ വിഭവങ്ങൾ രോഗങ്ങൾ ഇല്ലാത്ത അവസ്ഥയിലേക്ക് കൊണ്ടുപോകുന്ന രീതിയാണ്. ഗോത്ര ഭക്ഷ്യമേളയിൽ താൻ കഴിച്ച സുന്ദരി ചിക്കൻ ബിരിയാണിയാണ് ഏറ്റവും സ്വാദുള്ള ബിരിയാണിയെന്നും അവർ കൂട്ടിച്ചേർത്തു.
നിലന്പൂർ നഗരസഭാ ചെയർമാൻ മാട്ടുമ്മൽ സലീം അധ്യക്ഷത വഹിച്ചു. മൂന്നു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന പരിപാടിയുടെ ആദ്യദിനം "തദ്ദേശീയ ജനതയുടെ വികസനവും കുടുംബശ്രീ ഇടപെടലുകളും' വിഷയത്തിൽ ശില്പശാലയും അയൽക്കൂട്ട അംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികളും അരങ്ങേറി. തുടർന്ന് സംസ്ഥാനതല ട്രൈബൽ ഫിലിം ഫെസ്റ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ ഹ്രസ്വചിത്രങ്ങളും വേദിയിൽ പ്രദർശിപ്പിച്ചു.
ആയിരക്കണക്കിന് സന്ദർശകരെത്തുന്ന മേളയിൽ തദ്ദേശീയ മേഖലയിലെ കരകൗശല ഉത്പന്നങ്ങളുടെയും വാദ്യോപകരണങ്ങളുടെയും പ്രദർശനവും വിൽപ്പനയും ദിവസേന നടക്കും. മായം കലരാത്ത കാട്ടുതേൻ, കുന്തിരിക്കം, ചക്ക, എള്ള്, ഈന്ത് തുടങ്ങിയവയുമായി ഉത്പന്ന വിപണന സ്റ്റാളുകളും മേളയിൽ സജ്ജീകരിച്ചിട്ടുണ്ട്.
തദ്ദേശീയ മേഖലയിലെ മികച്ച കർഷകനുള്ള അവാർഡ് ജേതാവ് പനംപറ്റ നഗറിലെ കുട്ടനെ ചടങ്ങിൽ ആദരിച്ചു. മന്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ശ്രീനിവാസൻ, സംസ്ഥാന പട്ടികവർഗ ഉപദേശക സമിതി അംഗം എം.ആർ. സുബ്രഹ്മണ്യൻ, ഐടിഡിപി പ്രോജക്ട് ഓഫീസർ സി.ഇസ്മായിൽ,
കേരള മഹിള സമഖ്യ സൊസൈറ്റി ജില്ലാ കോ ഓർഡിനേറ്റർ എം.റജീന, ജെഎസ്എസ് ഡയറക്ടർ ഉമ്മർ കോയ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രദീപ്, പി.കെ. ശ്യാംജിത്, സിഡിഎസ് ചെയർപേഴ്സണ്മാർ, കുടുംബശ്രീ അനിമേറ്റർ കെ.സി. ശിവദാസൻ എന്നിവർ പ്രസംഗിച്ചു.