ഇളനീർ നാശം വരുത്തി വാനരപ്പട; കർഷക ജീവിതം ദുസ്സഹം
1516307
Friday, February 21, 2025 5:42 AM IST
കരുവാരകുണ്ട്: കടുത്ത വരൾച്ച അനുഭവപ്പെടുന്ന മലയോര കൃഷിയിടങ്ങളിൽ തെങ്ങിലെ ഇളനീർ നാശം വരുത്തി വാനരപ്പട. തുലാവർഷവും ചതിച്ചതിനെ തുടർന്ന് പതിവിലും നേരത്തേ മലയോരത്തെ കാട്ടുചോലകളും തോടുകളും വറ്റിവരണ്ടു. ഇതേ തുടർന്നാണ് ഇവ ദാഹശമനത്തിന് ഇളനീർ കുടിച്ച് ആശ്വാസം കണ്ടെത്തുന്നതെന്ന് മലയോര കർഷകർ പറയുന്നു. പാതി മൂപ്പായ നാളികേരവും നാശം വരുത്തുന്നുണ്ട്.
എന്നാൽ വന്യജീവികൾക്ക് വെള്ളവും ഭക്ഷണവും വനംവകുപ്പ് നൽകിയാൽ തന്നെ കാർഷിക വിളകൾ നശിപ്പിക്കപ്പെടില്ലെന്ന് കർഷകർ ചൂണ്ടി കാട്ടുന്നു. വാനരക്കൂട്ടത്തിനു പുറമേ കാട്ടാന, കാട്ടുപോത്ത്, കാട്ടു പന്നി എന്നിവയുടെ ഉപദ്രവവും അടുത്തയിടെ അധികരിച്ചു വരികയാണ്. ദാഹജലത്തിനു വേണ്ടി ജനവാസ കേന്ദ്രങ്ങളിലെത്തുന്ന ഇവ നേന്ത്രവാഴകൾ അടക്കമുള്ള കാർഷിക വിളകൾ ഭക്ഷണമാക്കിയതിന് ശേഷമാണ് തിരിച്ച് വനത്തിനുള്ളിലേക്ക് കയറുന്നത്.
വാനരശല്യം അനിയന്ത്രിതമായി തുടരുന്നത് കർഷക കുടുംബങ്ങളെയും പ്രയാസത്തിലാക്കുകയാണ്. കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിലെ മലയോര മേഖലയിൽപെട്ട കൽകുണ്ട്, അൽഫോൻസ്ഗിരി തുടങ്ങിയ മലയോര കൃഷിയിടങ്ങളിൽ ഇവയുടെ ശല്യം അതിരൂക്ഷമായി തുടരുന്നത് കർഷക ജീവിതം ദുസ്സഹമാക്കുകയാണ്.
നേരം പുലർന്നാൽ ഇവ കൃഷിയിടങ്ങളിൽ എത്തിചേരും. ചില അവസരങ്ങളിൽ മനുഷ്യർക്കു നേരെയും ഇവ ആക്രമണത്തിനൊരുങ്ങും. പ്രതികൂല കാലാവസ്ഥയിൽ വളർത്തിയെടുത്ത വാഴകളൊന്നാകെ ഇവ നാശം വരുത്തും. കാട്ടാന, കാട്ടുപന്നി, കാട്ടുപോത്ത് തുടങ്ങിയ വന്യജീവികളെ കൃഷിയിടങ്ങളിൽ നിന്നും തുരത്താം. എന്നാൽ വാനര കൂട്ടത്തെ എത്ര ശ്രമിച്ചിട്ടും കൃഷിയിടങ്ങളിൽ നിന്നും അകറ്റി നിർത്താനാകുന്നില്ല.
വാനര ശല്യം സഹിക്കവയ്യാതെ പ്രദേശത്തെ ഏക്കർ കണക്കിന് കൊക്കോമരങ്ങൾ നേരത്തേ തന്നെ കർഷകർ വെട്ടിമാറ്റിയിരുന്നു. വില ഉയർന്നതോടെ ഇന്നവർ നിരാശയിലുമാണ്. വാനരക്കൂട്ടം ഇളനീർ കുടിച്ച് നശിപ്പിച്ച ലോഡുകണക്കിന് നാളികേരം മലയോരത്തെ തെങ്ങിൻ തോപ്പുകളിൽ കാണാം.
നാളികേരത്തിന് ഭേദപ്പെട്ട വില ലഭിക്കുന്ന സാഹചര്യത്തിലാണ് വാനരപ്പട നാളികേരം നാശം വരുത്തുന്ന തെന്നും മലയോര കർഷകർ ചൂണ്ടിക്കാട്ടുന്നു. വന്യജീവികൾ നാശം വരുത്തിയ നാളികേരമുൾപ്പെടെയുള്ള കാർഷിക വിളകൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നാണ് മലയോര കർഷകർ ആവശ്യപ്പെടുന്നത്.