മൂത്തേടം താന്നിപ്പൊട്ടിയിൽ പുലിയിറങ്ങി
1515989
Thursday, February 20, 2025 5:10 AM IST
മൂത്തേടം: മൂത്തേടം പഞ്ചായത്തിലെ താന്നിപ്പൊട്ടി, നാരങ്ങപ്പൊട്ടി പ്രദേശങ്ങളിൽ പുലിയെ കണ്ടതായി നാട്ടുകാർ.
പുലർച്ചെ ടാപ്പിംഗിനിറങ്ങിയ ജിബി ജോർജ് എന്ന യുവാവാണ് തോട്ടത്തിൽ വച്ച് പുലിയെ കണ്ടത്. പുലിയെ കണ്ട വാർത്ത പരന്നതോടെ ജനങ്ങൾ ഭീതിയിലായിരിക്കുകയാണ്. പുലർച്ചെ ടാപ്പിംഗിന് പോകുന്ന തൊഴിലാളികൾ, നമസ്ക്കാരത്തിന് മസ്ജിദുകളിൽ പോകുന്നവർ, മദ്രസാ വിദ്യാർഥികൾ, പത്രവിതരണക്കാർ തുടങ്ങിയവരാണ് ഏറെ ദുരിതത്തിലായിരിക്കുന്നത്.
മേഖലയിൽ കാട്ടാനകളുടെയും കാട്ടുപന്നികളുടെയും ശല്യം മൂലം പൊറുതിമുട്ടിയ ജനങ്ങൾക്ക് പുലിയുടെ സാന്നിധ്യം ഏറെ ഭയപ്പാടുണ്ടാക്കിയിരിക്കുകയാണ്.
പുലിയെ പിടികൂടി ജനങ്ങളുടെ ആശങ്കയകറ്റണമെന്ന് ആവശ്യപ്പെട്ട് മൂത്തേടം മണ്ഡലം യൂത്ത് കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുളായി റേഞ്ച് ഓഫീസർ പി.കെ മുജീബ് റഹ്മാന് പരാതി നൽകി.