പൊതുവിദ്യാലയങ്ങൾ സ്വീകാര്യതയുള്ള സ്ഥാപനങ്ങളായി: മന്ത്രി വി. അബ്ദുറഹിമാൻ
1516649
Saturday, February 22, 2025 4:48 AM IST
മലപ്പുറം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ നിർമിക്കുന്ന മലപ്പുറം വിദ്യാഭ്യാസ സമുച്ചയത്തിന്റെ ശിലാസ്ഥാപനം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഓണ്‍ലൈനായി നിർവഹിച്ചു. കായിക മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ രംഗത്ത് രാജ്യത്ത് മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളം.
ഉയർന്ന ഗുണനിലവാരവും അടിസ്ഥാന സൗകര്യവും കേരളം ഉറപ്പ് വരുത്തിയിട്ടുണ്ട്. സ്ത്രീ വിദ്യാഭ്യാസ മേഖലയിലും കേരളം മുന്നിലാണെന്ന് മന്ത്രി പറഞ്ഞു. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി കേരളത്തിലെ പൊതുവിദ്യാലയങ്ങൾ സ്വീകാര്യതയുള്ള സ്ഥാപനങ്ങളായി മാറിയത് അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു.
മലപ്പുറം താലൂക്ക് ആശുപത്രിക്ക് സമീപം ഡിഡിഇ ഓഫീസ് നിലനിന്നിരുന്ന കോട്ടപ്പടിയിലെ സ്ഥലത്താണ് വിദ്യാഭ്യാസ സമുച്ചയം നിർമിക്കുന്നത്. പിഡബ്ല്യുഡി ആർക്കിടെക്റ്റ് വിഭാഗം ആധുനിക സൗകര്യങ്ങളോടുകൂടിയ മൂന്ന് നില കെട്ടിടമാണ് വിദ്യാഭ്യാസ സമുച്ചയത്തിന് രൂപകല്പന ചെയ്തത്. നടുമുറ്റവും വർക്കിംഗ് ഏരിയയും ഉൾപ്പെടുന്ന നിർദിഷ്ട കെട്ടിടത്തിന് 11 കോടി രൂപയാണ് അടങ്കൽ നിശ്ചയിച്ചിരിക്കുന്നത്.
ആദ്യഘട്ടമായി ഒരു നില കെട്ടിടത്തിന് അഞ്ച് കോടി വിദ്യാഭ്യാസ പ്ലാൻ ഫണ്ടിൽ നിന്ന് അനുവദിച്ചിട്ടുണ്ട്. ഒരു വർഷത്തിനകം നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. എംഎൽഎമാരായ പി. ഉബൈദുള്ള, പി. നന്ദകുമാർ, ജില്ലാ കളക്ടർ വി.ആർ. വിനോദ്, മലപ്പുറം നഗരസഭാ ചെയർമാൻ മുജീബ് കാടേരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുറഹിമാൻ കാരാട്ട്, വാർഡ് കൗണ്‍സിലർ സി. സുരേഷ്,
സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് വി.പി. അനിൽ, വിഭ്യാഭ്യസ ഉപഡയറക്ടർ കെ.പി. സുരേഷ് കുമാർ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് അഷ്റഫ് പെരുന്പള്ളി, ഹയർസെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ പി.എം. അനിൽ, ഡയറ്റ് പ്രിൻസിപ്പൽ ഡോ. ബാബു വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.