"ചുങ്കത്തറ കുടുംബാരോഗ്യ കേന്ദ്രം ട്രൈബൽ സ്പെഷാലിറ്റി ഹോസ്പിറ്റലായി ഉയർത്തണം’
1515074
Monday, February 17, 2025 5:43 AM IST
പ്രിയങ്കഗാന്ധിക്ക് നിവേദനം നൽകി
ചുങ്കത്തറ: നിലന്പൂർ ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള ചുങ്കത്തറ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ട്രൈബൽ സ്പെഷാലിറ്റി ഹോസ്പിറ്റിലായി ഉയർത്തണമെന്ന് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടു.
പട്ടികവർഗ സ്ത്രീകളെ പ്രസവത്തിന് മുന്പ് ഒരു മാസവും പ്രസവത്തിന് ശേഷം ഒരു മാസവും സംരക്ഷിക്കുന്ന "സഖി’ പദ്ധതി നടപ്പാക്കുന്നതിനുള്ള കെട്ടിടത്തിനും ഹോസ്പിറ്റലിനാവിശ്യമായ വാഹനത്തിനും കേന്ദ്ര ഫണ്ടും സിഎസ്ആർ ഫണ്ടും ലഭിക്കുന്നതിനായി നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലിയുടെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും ഡൽഹിയിൽ എത്തി പ്രിയങ്കഗാന്ധി എംപിക്ക് നിവേദനം സമർപ്പിച്ചു.
സംഘത്തിൽ ബ്ലോക്ക് സ്ഥിരംസമിതി അംഗങ്ങളായ റഷീദ് വാളപ്ര, സജ്ന അബ്ദുറഹ്മാൻ, സൂസമ്മ മത്തായി, മെഡിക്കൽ ഓഫീസർ ബഹാവുദ്ദീൻ, ബ്ലോക്ക് അംഗങ്ങളായ സി.കെ. സുരേഷ്, മറിയാമ്മ ജോർജ്, സഹിൽ അകന്പാടം, സീനത്ത് നൗഷാദ്, അനിജ സെബാസ്റ്റ്യൻ, ഹെഡ് ക്ലാർക്ക് കെ.എൻ. ഹരീഷ് കുമാർ എന്നിവർ സംബന്ധിച്ചു.