കോളജ് വിദ്യാർഥികൾക്കായി "മൊബൈൽ പാസ്പോർട്ട് വാൻ ക്യാന്പ്' നടത്തി
1531638
Monday, March 10, 2025 5:53 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ എംഇഎ എൻജിനിയറിംഗ് കോളജും കോഴിക്കോട് റീജണൽ പാസ്പോർട്ട് ഓഫീസും സംയുക്തമായി കോളജ് വിദ്യാർഥികൾക്കായി മൊബൈൽ പാസ്പോർട്ട് വാൻ ക്യാന്പ് എംഇഎ കോളജ് കാന്പസിൽ നടത്തി.
പാസ്പോർട്ട് ഓഫീസർ കെ. അരുണ്‍മോഹൻ ക്യാന്പ് ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ. ജെ. ഹുസൈൻ അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേഷൻ മാനേജർ സി.കെ. സുബൈർ, വൈസ് പ്രിൻസിപ്പൽ പ്രഫ. ഹനീഷ് ബാബു, എംഇഎ എൻജിനിയറിംഗ് കോളജ് പൂർവ വിദ്യാർഥിയും പാസ്പോർട്ട് സേവാ പ്രോജക്ട് ടിസിഎസ് - റസിഡന്റ് എൻജിനിയറുമായ പി. മുഹമ്മദ് സുബീഷ് എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ ഡീറ്റെയിൽസ് വെരിഫിക്കേഷൻ, ഫോട്ടോയെടുക്കൽ, സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ തുടങ്ങിയ നടപടികൾ മൊബൈൽ പാസ്പോർട്ട് വാനിൽ പൂർത്തിയാക്കി. തുടർന്ന് പോലീസ് വെരിഫിക്കേഷൻ പൂർത്തിയായശേഷം തപാൽ മുഖേന പാസ്പോർട്ട് അപേക്ഷിച്ച വിദ്യാർഥികൾക്ക് അയച്ചുകൊടുക്കും. ക്യാന്പിൽ വെരിഫിക്കേഷൻ ഓഫീസർ ജോസഫ്, കസ്റ്റമർ സർവീസ് ഓഫീസർ വിഷ്ണു, മുഹമ്മദ് റാഫി, റാഷിദ് അലി, ഷാഹിൽ എന്നിവർ പങ്കെടുത്തു.