റവന്യു ഇ സാക്ഷരത പദ്ധതി മേയ് മാസത്തിൽ: മന്ത്രി കെ. രാജൻ
1531252
Sunday, March 9, 2025 5:03 AM IST
മലപ്പുറം: റവന്യു ഇ സാക്ഷരത പദ്ധതി മേയ് മാസത്തിൽ ആരംഭിക്കുമെന്ന് റവന്യൂ, ഭവന നിർമാണ മന്ത്രി കെ. രാജൻ പറഞ്ഞു. മലപ്പുറം ജില്ലയിലെ നാല് സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം വിവിധ കേന്ദ്രങ്ങളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. റവന്യൂ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് തുക ചെലവഴിച്ച് നിർമാണം പൂർത്തിയാക്കിയ കാട്ടിപ്പരുത്തി, കോട്ടക്കൽ, പൊൻമള, ചീക്കോട് സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്.
ഓരോ കുടുംബത്തിലും ഒരാളെയെങ്കിലും റവന്യൂ സേവനങ്ങൾ ഓണ്ലൈനായി ലഭ്യമാക്കാൻ പ്രാപ്തമാക്കുന്ന വിധം ബഹുജന പങ്കാളിത്തത്തോടെയാണ് റവന്യൂ ഇ സാക്ഷരത പദ്ധതി നടപ്പാക്കുകയെന്ന് മന്ത്രി പറഞ്ഞു. സാധാരണ ജനങ്ങൾക്ക് പ്രാപ്യമാകുന്ന രീതിയിൽ ഇ സാക്ഷരത ക്രമീകരിക്കും.
റവന്യൂ സംബന്ധമായ വിവിധ സേവനങ്ങൾ, അവ ലഭിക്കുന്നതിനുള്ള യോഗ്യതകൾ, സമർപ്പിക്കേണ്ട രേഖകൾ, അപേക്ഷ നൽകേണ്ട വിധം, നിരസിച്ചാൽ അപ്പീൽ നൽകേണ്ട വിധം എന്നിങ്ങനെ വിവിധ കാര്യങ്ങളിൽ പൊതുജനങ്ങളെ ബോധവത്ക്കരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
നിലവിലുള്ള വില്ലേജ് തല ജനകീയ സമിതി അംഗങ്ങൾ, കുടുംബശ്രീ, സന്നദ്ധ സംഘടന പ്രതിനിധികൾ, വിവിധ റസിഡന്റ്സ് അസോസിയേഷനുകൾ, കുടുംബശ്രീ യൂണിറ്റുകൾ, ക്ലബുകൾ, എന്നിവ മുഖേന എല്ലാ ജനങ്ങളിലും റവന്യൂ സാക്ഷരത എത്തിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
റവന്യൂ വകുപ്പിന്റെ പൂമുഖ പടിവാതിലായ വില്ലേജ് ഓഫീസ് സുതാര്യമാകണം. കേരളത്തിലെ ഏറ്റവും സങ്കീർണമായ ഈ സേവനമേഖലയെ ജന സൗഹൃദമാക്കുക എന്നതാണ് ലക്ഷ്യം. "എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്’ എന്നതാണ് സർക്കാരിന്റെ മുദ്രാവാക്യമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ മുഴുവൻ വില്ലേജ് ഓഫീസുകളും സ്മാർട്ട് ഓഫീസുകൾ ആക്കുന്നതിന്റെ ഭാഗമായി ആധുനിക സൗകര്യത്തോടെ നിർമ്മിച്ച മലപ്പുറം ജില്ലയിലെ നാല് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്. ചടങ്ങിൽ ജനപ്രതിനിധികൾ പങ്കെടുത്തു.