കരുവാരകുണ്ടിൽ കടുവയിറങ്ങി
1531995
Tuesday, March 11, 2025 7:56 AM IST
കരുവാരകുണ്ട്: വനം വകുപ്പധികൃതർക്ക് തലവേദന സൃഷ്ടിച്ച് കരുവാരകുണ്ടിൽ കടുവയുടെ സാന്നിധ്യം. കഴിഞ്ഞ ദിവസം കടുവയെ അര മിനിറ്റ് നേർക്കുനേർ കണ്ടെന്നും വീഡിയോ ചിത്രീകരിച്ചെന്നുമുള്ള യുവാവിന്റെ വാദം വ്യാജമായതിനു പിന്നാലെ കരുവാരകുണ്ടിൽ ഇന്നലെ ജനവാസ കേന്ദ്രത്തിൽ യഥാർഥ കടുവയിറങ്ങി.
കേരള എസ്റ്റേറ്റ് ചീനി പാടത്തിന് സമീപം സിടി റോഡിനോട് ചേർന്നുള്ള ഭാഗത്താണ് ഇന്നലെ രാവിലെ പത്തരയോടെ കടുവയെ നാട്ടുകാർ കണ്ടത്. എസ്റ്റേറ്റിലെ ഡ്രൈവറാണ് ആദ്യം കണ്ടത്. സൂപ്രണ്ട് വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ വനപാലകരും നാട്ടുകാരും നടത്തിയ തെരച്ചിലിനിടയിൽ കടുവ ഓടിമറയുന്നത് കണ്ടു. ഇതിന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു.
കേരള എസ്റ്റേറ്റ് ചീനിപ്പാടത്ത് ഏതാനും ദിവസങ്ങൾക്കു മുന്പ് കരുവാരകുണ്ട് ഫെസ്റ്റ് നടന്നിരുന്ന സ്ഥലത്തിനടുത്ത് സംസ്ഥാന പാതയോരത്ത് നിന്ന് മീറ്ററുകൾ മാറിയുള്ള ഭാഗത്താണ് കടുവയെ കണ്ടത്. ഈ ഭാഗം ജനങ്ങൾ തിങ്ങി താമസിക്കുന്ന പ്രദേശം കൂടിയാണ്. കൂടാതെ പഴയ കടയ്ക്കൽ ജിയുപി സ്കൂളും ഇവിടെ തന്നെയാണ്.
പ്രദേശത്ത് കടുവ, പുലി, കാട്ടുപോത്ത്, കാട്ടാന തുടങ്ങി വന്യമൃഗങ്ങളുടെ സാന്നിധ്യവും ശല്യവും രൂക്ഷമാണ്. കാട്ടാനയുടെ ശല്യം ദിനേനയെന്നോണം ഉണ്ടാകാറുണ്ട്. നേരത്തെ കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് മരണപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ മേഖലയിൽ പുലിയും കടുവയും ധാരാളം വളർത്തുമൃഗങ്ങളെ ഭക്ഷിക്കുകയും ചെയ്തിട്ടുണ്ട്. മുന്പ് പ്രദേശത്ത് കടുവയെ തൊഴിലാളികളും മറ്റും കാണുകയും ചെയ്തിട്ടുണ്ട്. ഇന്നലെ ജനവാസ കേന്ദ്രത്തിന് അടുത്തുവച്ചാണ് കടുവയെ കണ്ടത്.
കടുവയുടെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ജനങ്ങൾ ഭീതിയിലായി. തോട്ടം തൊഴിൽ മേഖലയായ ഈ ഭാഗത്ത് പുലർച്ചെ ധാരാളം പേരാണ് റബർ ടാപ്പിംഗ് ഉൾപ്പെടെയുള്ള വിവിധ തൊഴിലുകൾക്ക് വേണ്ടി പുറപ്പെടുന്നത്. മറ്റു തൊഴിലെടുക്കാൻ പോകുന്നവരും വിദ്യാർഥികൾ ഉൾപ്പെടെ നിരവധിപേർ സഞ്ചരിക്കുന്ന ഭാഗമാണിത്. ധാരാളം വീടുകൾ ഈ പ്രദേശത്തുണ്ട്. കടുവയെ പിടികൂടാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.