പെണ്‍കരുത്തിന് നാടിന്റെ ആദരം "ആരോഗ്യ സംരക്ഷണവും വ്യായാമവും സ്ത്രീകൾ ജീവിതചര്യയുടെ ഭാഗമാക്കണം’
1531255
Sunday, March 9, 2025 5:03 AM IST
മലപ്പുറം: ലോക വനിതാദിനത്തിൽ നാടെങ്ങും സ്ത്രീശാക്തീകരണ പരിപാടികൾ സംഘടിപ്പിച്ചു. സ്്ത്രീശക്തി വിളിച്ചോതി വൈവിധ്യമാർന്ന പരിപാടികളാണ് നടന്നത്. മലപ്പുറം കുന്നുമ്മൽ ദിലീപ് മുഖർജി ഹാളിൽ വനിതാ ശിശുവികസന ഓഫീസും ഡിസ്ട്രിക്ട് സങ്കൽപ് ഹബ് ഫോർ എംപവർമെന്റ് ഫോർ വുമണും സംയുക്തമായി സംഘടിപ്പിച്ച ജില്ലാതല വനിതാദിനാഘോഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ ഉദ്ഘാടനം ചെയ്തു.
ശാരീരിക,മാനസിക ആരോഗ്യത്തിന് വനിതകൾ പ്രാമുഖ്യം നൽകണമെന്ന് അവർ പറഞ്ഞു. ആരോഗ്യ സംരക്ഷണവും വ്യായാമവും സ്ത്രീകൾ ജീവിതചര്യയുടെ ഭാഗമാക്കണമെന്നും അതിലൂടെയാണ് ശാക്തീകരണം സാധ്യമാവുകയെന്നും റഫീഖ ഓർമിപ്പിച്ചു.
വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച നാലു വനിതകളെ ചടങ്ങിൽ ആദരിച്ചു. മലപ്പുറം മുൻസിപ്പൽ കൗണ്‍സിലർ സി.പി. അയിഷാബി അധ്യക്ഷയായിരുന്നു. അറുപത്തി ആറാമത്തെ വയസിൽ പ്ലസ്ടു തുല്യതാ പരീക്ഷ വിജയിച്ച പി.സുമതി, കാലുകൊണ്ടുള്ള ചിത്രരചനയിലൂടെ ശ്രദ്ധേയയായ വി.കെ.സുമയ്യ, പാന്പ്പിടിത്തം, ഡ്രൈവിംഗ് പരീശീലക, യൂട്യൂബർ എന്നീ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച ടി.പി. ഉഷ എന്നിവരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ പൊന്നാടയണിയിച്ച് ആദരിച്ചു.
ജില്ലയിലെ പ്രായം കുറഞ്ഞ വനിതാ പൈലറ്റ് ട്രെയിനി ജുമാന മറിയത്തിനു വേണ്ടി മാതാവ് ആദരം ഏറ്റുവാങ്ങി. വനിതാ ശിശു വികസന വകുപ്പ് വനിതാദിനത്തിന് മുന്നോടിയായി കോളജ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഡിബേറ്റ് മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ അലിഗഢ് മുസ്ലിം സർവകലാശാല,
ശ്രീശങ്കരാചാര്യ സർവകലാശാല, ഗവണ്മെന്റ് കോളജ് മലപ്പുറം എന്നിവിടങ്ങളിലെ വിദ്യാർഥി പ്രതിനിധികൾക്കും അധ്യാപകർക്കും സമ്മാനങ്ങൾ നൽകി. ’സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അവകാശങ്ങളും സമത്വവും’ എന്ന വിഷയത്തിൽ അഡ്വ.സുജാത വർമ ക്ലാസ് നയിച്ചു. ഉച്ചക്കു ശേഷം വനിതകൾക്കായി സിനിമാ പ്രദർശനവും നടന്നു.
പെരിന്തൽമണ്ണ: കലാകാരൻമാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും കൂട്ടായ്മയായ മലബാർ സൗഹൃദവേദിയുടെയും ഓയിസ്ക ഇന്റർനാഷണൽ പെരിന്തൽമണ്ണ ചാപ്റ്ററിന്റെയും ആഭിമുഖ്യത്തിൽ വനിതാ ദിനാചരണവും വനിതാ രത്നപുരസ്കാരം സമർപ്പണവും നടത്തി. എരവിമംഗലം അമൃതം പൊയ്കയിൽ നടന്ന പരിപാടി സാംസ്കാരിക പ്രവർത്തകനും വേദി കണ്‍വീനറുമായ ബിജുമോൻ പന്തിരുകുലം ഉദ്്ഘാടനം ചെയ്തു.
ചടങ്ങിൽ മലബാർ സൗഹൃദവേദിയുടെ വനിതാരത്ന പുരസ്കാരം പെരിന്തൽമണ്ണ നഗരസഭ കൗണ്‍സിലറും സാന്ത്വന പ്രവർത്തകയുമായ പി. സീനത്തിന് ബിജുമോൻ പന്തിരുകുലം നൽകി. കെ.ആർ. രവി അധ്യക്ഷത വഹിച്ചു. ഡോ.ഷീബ കൃഷ്ണദാസ് മുഖ്യപ്രഭാഷണം നടത്തി. ഡോ.പി. കൃഷ്ണദാസ്, നദീറ ഹമീദ്, കവിയത്രി ഇന്ദുശ്രീ എരവിമംഗലം, റിട്ടയേർഡ് ഹെഡ്മിസ്ട്രസ് സതി, പി. സീനത്ത്, പ്രസീത എന്നിവർ പ്രസംഗിച്ചു.
നിലന്പൂർ: വനിതാദിന പരിപാടിയുടെ ഭാഗമായി നിലന്പൂരിൽ വനിതാ ജീവനക്കാരുടെ നേതൃത്വത്തിൽ സ്കൂട്ടർ റാലി നടത്തി. ഇതോടൊപ്പം നിലന്പൂർ താലൂക്കിൽ ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സ്വീപ്പ് പ്രചാരണ പരിപാടികൾ നടത്തി. മിനി സിവിൽ സ്റ്റേഷനിൽ നടന്ന പരിപാടിയിൽ വിവിധ വകുപ്പുകളിലെയും താലൂക്ക് ഓഫീസുകളിലെയും വനിതാ ജീവനക്കാർ സ്കൂട്ടർ റാലിയിൽ അണിനിരന്നു.
ജില്ലാ സ്വീപ്പ് നോഡൽ ഓഫീസർ ഡെപ്യൂട്ടി കളക്ടർ സരിൻ ഉദ്ഘാടനം ചെയ്തു. നിലന്പൂർ മണ്ഡലം ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർ ഡെപ്യൂട്ടി കളക്ടർ പി. സുരേഷ് അധ്യക്ഷത വഹിച്ചു. തഹസിൽദാർ എം.പി. സിന്ധു, ഭൂരേഖവിഭാഗം തഹസിൽദാർ എ. ജയശ്രീ, ഡെപ്യൂട്ടി തഹസിൽദാർമാരായ പി.ആർ. ബാബുരാജൻ, എം.സി. അരവിന്ദാക്ഷൻ തുടങ്ങിയവർ പങ്കെടുത്തു.
മഞ്ചേരി: വനിതാദിനാചരണത്തിന്റെ ഭാഗമായി മഞ്ചേരിയിൽ ലഹരിക്കെതിരെ വനിതകളുടെ കൂട്ടായ്മ ശ്രദ്ധേയമായി. അന്തസുള്ള ജീവിതം - സ്ത്രീയുടെ അവകാശം എന്ന മുദ്രാവാക്യം ഉയർത്തി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഞ്ചേരി ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടി ജില്ലാ കമ്മിറ്റിയംഗം സി. വിജയലക്ഷ്മി ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കെ.കെ. വിമല അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി സക്കീന ബീവി, വില്ലേജ് സെക്രട്ടറി സുനിത, ഏരിയാ എക്സിക്യൂട്ടീവ് അംഗം കോമളവല്ലി തുടങ്ങിയവർ പ്രസംഗിച്ചു. സജിത വിജയൻ, ശ്രീവിദ്യ എടക്കണ്ടത്തിൽ എന്നിവർ പങ്കെടുത്തു. യുവതലമുറയെയും അതോടൊപ്പം കുടുംബത്തെയും സമൂഹത്തെയും നശിപ്പിക്കുന്ന ലഹരി മാഫിയക്കെതിരെ പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമായി വനിതകൾ പ്രതികരിച്ചു.
നിലന്പൂർ: യുണൈറ്റഡ് ക്ലബ് റീഡിംഗ് റൂം ആൻഡ് ലൈബ്രറി കോവിലകത്തുമുറി വനിതാവേദിയുടെ നേതൃത്വത്തിൽ വിനോദയാത്ര സംഘടിപ്പിച്ചു. സംഘം വയനാട് ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചു.
വനിതാ വേദി അധ്യക്ഷ അരുമ ജയകൃഷ്ണൻ, ക്ലബ് പ്രസിഡന്റ് ദീപ, ഭാരവാഹികളായ സിനി സുന്ദരൻ, പ്രവീണ കമ്മത്ത്, എം.കെ. ബാലകൃഷ്ണൻ, പ്രമോദ്, ഷണ്ഗീത് കോവിലകത്തുമുറി, വിനോദ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.