കെ.എസ്.നിഹ ഫാത്തിമയ്ക്ക് ഇൻസ്പയർ അവാർഡ്
1531262
Sunday, March 9, 2025 5:04 AM IST
അങ്ങാടിപ്പുറം: 2024-2025 അധ്യയന വർഷത്തെ ഇൻസ്പയർ അവാർഡിനായി പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി കെ.എസ്.നിഹ ഫാത്തിമയുടെ "പ്ലാസ്റ്റിക് സെൻസർ’ എന്ന ആശയം തെരഞ്ഞെടുത്തു.
പതിനായിരം രൂപയാണ് അവാർഡ്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും നാഷനൽ ഫൗണ്ടേഷൻ ഫോർ ഇന്നവേഷനും ചേർന്നു ദേശീയതലത്തിൽ ആറാംക്ലാസ് മുതൽ പത്താംക്ലാസ് വരെ പഠിക്കുന്ന കുട്ടികളിലെ നൂതന ആശയങ്ങൾക്കു പ്രോത്സാഹനം നൽകാനാണ് ഇൻസ്പയർ അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്.
പ്ലാസ്റ്റിക് അലക്ഷ്യമായി പൊതുഇടങ്ങളിൽ വലിച്ചെറിയുന്നത് നിയമവിരുദ്ധമാണ്. പ്രകൃതിയെയും മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കുന്ന സാമൂഹിക പ്രശ്നമായി ഇതു മാറുന്നു.
റോഡരികിൽ പ്ലാസ്റ്റിക് സെൻസർ സ്ഥാപിക്കുന്നതോടെ പൊതുസ്ഥലങ്ങളിൽ പ്ലാസ്റ്റിക് വലിച്ചെറിയുന്നവരെ കണ്ടെത്താനാകും.
സെൻസറിനകത്തുള്ള കാമറ, ചിത്രങ്ങൾ പകർത്തി സമീപമുള്ള പോലീസ് സ്റ്റേഷനിലേക്ക് സിഗ്നൽ നൽകും. പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ് സെൻസർ പ്രവർത്തിക്കുന്നതിലൂടെ കുറ്റം ചെയ്യുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ കഴിയും. ഫാത്തിമ നിഹയുടെ ഈ ആശയത്തിനാണ് പുരസ്കാരം ലഭിച്ചത്.
ജില്ലാ കലോത്സവത്തിൽ മോണോആക്ടിൽ എ ഗ്രേഡ് നേടിയ നിഹ നാടകം, ക്വിസ്, സാഹിത്യരചനാ മത്സരങ്ങൾ എന്നിവയിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. പെരിന്തൽമണ്ണ അബേറ്റ് കണ്ണാശുപത്രിയിലെ അക്കൗണ്ട്സ് മാനേജരും പരിയാപുരം സ്വദേശിയുമായ കാരക്കുഴിയിൽ ശിഹാബിന്റെയും നസീറയുടെയും മകളാണ് ഈ മിടുക്കി.
ആയിഷ നേഹ, നൂഹ ഖദീജ, നൗഹ സൈനബ് എന്നിവർ സഹോദരങ്ങളാണ്. നാലാം തവണയാണ് പരിയാപുരം സെന്റ് മേരീസ് സ്കൂളിലേക്ക് ഇൻസ്പയർ പുരസ്കാരം എത്തുന്നത്. സി.ടി.സന ഷിറിൻ, മിത ട്രീസ, കെ.അമൽ എന്നിവർ മുൻ വർഷങ്ങളിൽ അവാർഡ് നേടിയിരുന്നു.