തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ ചുമർചിത്രങ്ങളുടെ സമർപ്പണം 14ന്
1531983
Tuesday, March 11, 2025 7:49 AM IST
അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിലിൽ നവീകരിച്ച ചുമർചിത്രങ്ങളുടെ സമർപ്പണവും ചിത്രങ്ങളുടെ നേത്രോൻമിലനവും (കണ്ണുകൾക്ക് മിഴി തുറക്കൽ) 14ന് രാവിലെ ഏഴിനും 8.10 നും മധ്യേ നടക്കും. ക്ഷേത്രം തന്ത്രി പന്തലക്കോട്ടത്ത് നാരായണൻ നന്പൂതിരി മുഖ്യകാർമികത്വം വഹിക്കും.
കാലപ്പഴക്കത്താൽ നാശോൻമുഖമായ ചുമർചിത്രങ്ങൾ ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠനകേന്ദ്രം പ്രിൻസിപ്പൽ എം. നളിൻ ബാബുവിന്റെ നേതൃത്വത്തിൽ സൂരജ് രാജൻ, സുദർശൻ, മോനിസ് താഴത്തെയിൽ, ശ്രീജിത്ത് സുഭാഷ്, അക്ഷയ വേണുഗോപാൽ, എസ്. കാർത്തിക്, നിധിൻ എന്നീ കലാകാരൻമാർ നാലുമാസം സമയമെടുത്താണ് വരച്ചത്. എറണാകുളത്തെ എപ്പിനോക്സ് പ്രോപ്റ്റ് കണ്‍സൾട്ടിംഗ് എൻജിനിയേഴ്സ് എന്ന സ്ഥാപനമാണ് ചിത്രങ്ങൾ വഴിപാടായി സമർപ്പിക്കുന്നത്.