ഇത് ജനാധിപത്യത്തിന്റെ വിജയം : ബ്രിട്ടീഷുകാർ കണ്ടുകെട്ടിയ ഭൂമി തിരികെ ലഭിച്ചു
1531235
Sunday, March 9, 2025 4:34 AM IST
മലപ്പുറം: ബ്രിട്ടീഷ് ഭരണകൂടം 224 വർഷങ്ങൾക്ക് മുന്പ് കണ്ടുകെട്ടിയ ഭൂമി തിരികെ കിട്ടിയ സന്തോഷത്തിലാണ് മഞ്ചേരി പയ്യനാട് സത്രം ഭൂമിയിലെ കുടുംബങ്ങൾ. ബ്രിട്ടീഷ് ഭരണത്തിനെതിരെ പഴശിരാജക്കൊപ്പം പോരാടിയ അത്തൻകുട്ടി കുരിക്കളുടെ ഉടസ്ഥതയിലുള്ള ഭൂമിയാണ് മലപ്പുറത്ത് നടന്ന പട്ടയ മേളയിൽ ഉടമകൾക്ക് സ്വന്തമായത്. ഭൂമിയുടെ അവകാശികൾക്ക് മന്ത്രി കെ. രാജൻ പട്ടയം കൈമാറി.
1801ൽ പെരിന്തൽമണ്ണ മാപ്പാട്ടുകാരയിൽ നിന്ന്ാണ് ബ്രിട്ടീഷുകാർ അത്തൻകുട്ടി കുരിക്കളെ പിടികൂടി കൊലപ്പെടുത്തുന്നത്. തുടർന്ന് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന 36.49 ഏക്കർ ഭൂമി കണ്ടുകെട്ടി. പിന്നീട് അത്തൻകുട്ടി കുരിക്കളുടെ മകൻ കുഞ്ഞഹമ്മദ്കുട്ടി കുരിക്കൾ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ ഭൂമി ബ്രിട്ടീഷ് ഭരണാധികാരികൾ തിരികെ നൽകി.
നികുതിയും പാട്ടവും നൽകണമെന്ന വ്യവസ്ഥയിലായിരുന്നു ഇത്. കുഞ്ഞഹമ്മദ് കുട്ടി കുരിക്കളുടെ മരണശേഷം ഭൂമി മക്കൾക്ക് ലഭിച്ചു. ഭൂമിക്ക് സർക്കാർ 15,965 രൂപ ജൻമവില നിശ്ചയിക്കുകയും അത് എട്ടു ഗഡുക്കളായി സർക്കാരിലേക്ക് അടവാക്കിക്കൊള്ളാമെന്ന വ്യവസ്ഥയിൽ മക്കളായ ഖാൻ ബഹദൂർ അഹമ്മദ് കുരിക്കൾ, മൊയ്തീൻകുട്ടി കുരിക്കൾ എന്നിവർക്ക് പതിച്ചു നൽകുകയും ചെയ്തു.
1864ൽ ഇവരുടെ കൈവശത്തിന് സർക്കാർ കൈച്ചീട്ട് എഴുതിവാങ്ങുകയും ഇതു പ്രകാരമുള്ള സംഖ്യ 1868ൽ അടവാക്കുകയും ചെയ്തു. 1869ൽ ആകെയുള്ള ഭൂമിയിൽ കുറച്ചു സ്ഥലം ഒഴിവാക്കി ബാക്കിയുള്ളവ മലബാറിലെ ചില സത്രങ്ങളുടെ സംരക്ഷണ ചെലവിനുള്ളത് കണ്ടെത്താനായി മാറ്റിവച്ചു. അന്നു മുതൽ ഈ ഭൂമി സത്രം വക ഭൂമിയെന്നറിയപ്പെട്ടു.
നിലവിൽ ഇരുനൂറോളം കുടുംബങ്ങൾ ഇവിടെ കൃഷി ചെയ്തും വീടു വച്ചും കഴിയുന്നു. ഇവർ സർക്കാരിന് നൽകിയ അപേക്ഷയെ തുടർന്നാണ് വിശദമായ പരിശോധന നടന്നത്. ഇവരുടെ കൈവശത്തിന് അടിസ്ഥാനമായി രജിസ്റ്റർ ചെയ്ത ആധാരങ്ങൾ ഉണ്ട്. സെറ്റിൽമെന്റ് രജിസ്റ്ററിൽ റീമാർക്സായി 1922 ഡിസംബർ 20ന് പാട്ടം നിശ്ചയിച്ച് കൊല്ലംതോറും ഏൽപിച്ച് കൊടുക്കുന്ന ഭൂമി എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
രേഖയിലെ ഈ പരാമർശത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് സർക്കാർ ഉടമസ്ഥതയിലുള്ള പാട്ടഭൂമിയാണെന്ന് പരിഗണിച്ചതും രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചിട്ടും ഈനില തുടരാനിടയാക്കിയതും. കൈവശക്കാർക്ക് പൂർണ അവകാശത്തോടെ ഭൂമി വിട്ടുനൽകണമെന്നാവശ്യപ്പെട്ട് 1976ൽ കൈവശക്കാരനായ അബ്ദുഹാജിയുടെ നേതൃത്വത്തിൽ ശ്രമങ്ങളാരംഭിച്ചെങ്കിലും ഫലം കണ്ടില്ല.
ഈ സർക്കാരിന്റെ കാലത്താണ് ഭൂമി ലഭിക്കുന്നതിന് ആവശ്യമായ നടപടികൾ വേഗമായത്. സർക്കാരിന്റെ ഇച്ഛാശക്തിയാണ് തങ്ങളുടെ ഭൂമി തിരികെ ലഭിച്ചതെന്ന് സത്രം ഭൂമി സംരക്ഷണ സമിതി ചെയർമാൻ എം. മുഹമ്മദ് കുരിക്കൾ പറഞ്ഞു.