കാൻസർ പ്രതിരോധ കാന്പയിൻ ആദ്യഘട്ടം സമാപിച്ചു
1531253
Sunday, March 9, 2025 5:03 AM IST
മലപ്പുറം: മുപ്പതു വയസിന് മുകളിലുള്ള മുഴുവൻ സ്ത്രീകളെയും കാൻസർ സ്ക്രീനിംഗിന് വിധേയരാക്കി രോഗം ഇല്ലെന്ന് ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പ് ’ആരോഗ്യം ആനന്ദം’ എന്ന പേരിൽ സംഘടിപ്പിച്ച കാൻസർ പ്രതിരോധ ജനകീയ കാന്പയിന്റെ ആദ്യഘട്ടം സമാപിച്ചു.
സമാപന സമ്മേളനവും വനിതാ ദിനത്തോടനുബന്ധിച്ച് മലപ്പുറം ഡിടിപിസി ഹാളിൽ നടത്തിയ വനിതാസംഗമവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു. കാന്പയിന്റെ ജില്ലയുടെ ബ്രാൻഡ് അംബാസിഡറായ നടി വിൻസി അലോഷ്യസ് സമ്മതപത്രം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ. രേണുകയ്ക്ക് കൈമാറി.
കാന്പയിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ പങ്കെടുത്ത ബോധവത്ക്കരണ സന്ദേശ റാലി നടന്നു. റാലി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ. രേണുക ഫ്ളാഗ് ഓഫ് ചെയ്തു. എഡ്യുകെയർ ഡെന്റൽ കോളജ് അവതരിപ്പിച്ച ഫ്ളാഷ് മോബ്, സ്കിറ്റ് എന്നിവയും നടന്നു.
ചടങ്ങിൽ ഡോ. രേണുക ആർ. അധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സണ് നസീബ അസീസ്, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി.എൻ. അനൂപ്, ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ. എൻ.എൻ. പമീലി,
എൻസിഡി നോഡൽ ഓഫീസർ ഡോ. വി.ഫിറോസ് ഖാൻ, ആർദ്രം നോഡൽ ഓഫീസർ ഡോ. കെ.കെ. പ്രവീണ, ജില്ലാ വനിതാ ശിശു വികസന ഓഫീസർ കെ.വി. ആശമോൾ, ഡിഎസ്ഒ ഡോ. സി. ഷുബിൻ, ജില്ലാ എഡ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ കെ.പി. സാദിഖലി തുടങ്ങിയവർ പങ്കെടുത്തു.