വേനൽ ചൂടിൽ കാഞ്ഞിരപ്പുഴ വറ്റിവരണ്ടു : ആഢ്യൻപാറ ജലവൈദ്യുത നിലയത്തിൽ ഉത്പാദനം നിർത്തി
1531631
Monday, March 10, 2025 5:53 AM IST
നിലന്പൂർ: കടുത്ത വേനലിൽ കാഞ്ഞിരപ്പുഴയിലെ നീരൊഴുക്ക് കുറഞ്ഞു. ഇതോടെ ആഢ്യൻപാറ ചെറുകിട ജലവൈദ്യുത നിലയത്തിലെ ഉത്പാദനം നിർത്തിവച്ചു. കാഞ്ഞിരപ്പുഴയിലെ നീരൊഴുക്ക് കുറഞ്ഞതോടെ ജില്ലയിലെ പ്രധാന ജല ടൂറിസം കേന്ദ്രമായ ആഢ്യൻപാറ ജല ടൂറിസം കേന്ദ്രത്തിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിലും വലിയ കുറവുണ്ട്.
കാഞ്ഞിരപ്പുഴയിലെ വെള്ളത്തെ ആശ്രയിച്ചാണ് ആഢ്യൻപാറ ജല ടൂറിസം കേന്ദ്രത്തിന്റെയും ചെറുകിട ജലവൈദ്യുത പദ്ധതിയുടെയും പ്രവർത്തനങ്ങൾ. നീരൊഴുക്ക് ക്രമാതീതമായി കുറഞ്ഞതോടെ മഴക്കാലത്ത് നിറഞ്ഞൊഴുകുന്ന കാഞ്ഞിരപ്പുഴയിൽ ഇപ്പോൾ പാറക്കെട്ടുകൾക്കിടയിലെ ചെറിയ നീർച്ചാലുകൾ മാത്രമായി.
കാഞ്ഞിരപ്പുഴയിൽ നീരൊഴുക്ക് കുറഞ്ഞത് മതിൽമൂല മുതൽ മൈലാടി വരെയുള്ള ഭാഗങ്ങളിലെ ജനങ്ങൾക്ക് പ്രയാസം സൃഷ്ടിക്കും. ആഢ്യൻപാറ ചെറുകിട ജലവൈദ്യുത നിലയത്തിൽ നിന്ന് കഴിഞ്ഞ രണ്ട് വർഷം മികച്ച രീതിയിൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിഞ്ഞിരുന്നു. വേനൽ മഴ ശക്തമായി ലഭിച്ചില്ലെങ്കിൽ വൈദ്യുതി ഉത്പാദനം പുനരാരംഭിക്കാൻ മാസങ്ങൾ കാത്തിരിക്കേണ്ടിവരും.
വേനൽ ചൂടിൽ നിന്ന് ആശ്വാസം തേടി വിനോദസഞ്ചാരികൾ എത്തുന്നത് കാഞ്ഞിരപ്പുഴയിൽ മുങ്ങി കുളിക്കാനാണ്. അതിനാൽ തന്നെ പുഴയിൽ ജലവിതാനം ഉയരേണ്ടതുണ്ട്. വേനൽ മഴ മാത്രമാണ് ഇനിയുള്ള ഏക ആശ്രയം.