മഞ്ഞപ്പിത്തത്തിനെതിരേ ജാഗ്രത വേണം
1531258
Sunday, March 9, 2025 5:03 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിലും പരിസരത്തും മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ചെമ്മലശേരി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ, ഹെൽത്ത് ഇൻസ്പെക്ടർ എന്നിവർ അറിയിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് ഗർഭിണിയായ യുവതി കഴിഞ്ഞദിവസം മരിച്ചിരുന്നു. എട്ടുമാസം ഗർഭിണിയായിരുന്ന വലന്പൂർ മേലെ പൂപ്പലത്തെ കുറ്റീരി ആയിഷ രഹ്ന (33) ആണ് മരിച്ചത്. അസുഖം ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു.
രാത്രികാലങ്ങളിൽ ശീതളപാനീയ കേന്ദ്രങ്ങളിൽ നിന്ന് സുരക്ഷിതമല്ലാത്ത ശീതളപാനീയങ്ങളും ഉപ്പിലിട്ട അച്ചാറുകളും മറ്റും ഉപയോഗിക്കുന്നവർ ജാഗ്രത പാലിച്ചില്ലെങ്കിൽ രോഗം കൂടുതൽ വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
രോഗം ഗുരുതരമായാൽ കരളിന്റെ പ്രവർത്തനം നിലക്കുകയും മരണം വരെ സംഭവിക്കുവാനും സാധ്യതയുണ്ട്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുകയും സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ ഉപയോഗിക്കാതിരിക്കുകയും ചെയ്യുക. ഭക്ഷണത്തിന് മുന്പ് സോപ്പ് ഉപയോഗിച്ച് കൈ കഴുകുക, മലമൂത്ര വിസർജനത്തിന് ശേഷവും കൈ സോപ്പ് ഉപയോഗിച്ചു കഴുകി ശീലിക്കുക. വീട്ടിൽ പാചകം ചെയ്ത ഭക്ഷണം അല്ലെങ്കിൽ ലൈസൻസ് ഉള്ള സ്ഥാപനങ്ങളിൽ നിന്നുള്ള ഭക്ഷണം മാത്രം കഴിക്കുക.
പുറത്ത് നിന്നുള്ള പാനീയങ്ങൾ ഒഴിവാക്കുക. ഇവ പാലിക്കുകയാണെങ്കിൽ ഒരു പരിധിവരെ മഞ്ഞപ്പിത്തം അടക്കമുള്ള ജലജന്യരോഗങ്ങളെ നിയന്ത്രിക്കാനാകും. പുലാമന്തോൾ ഗ്രാമപഞ്ചായത്ത് പരിധിയിൽ അനധികൃത രാത്രികാല ശീതളപാനീയ കച്ചവടങ്ങൾക്കും വൃത്തിഹീനമായ സാഹചര്യത്തിൽ പൊതുസ്ഥലത്ത് നടത്തുന്ന കച്ചവടങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇനിയും ഇത്തരം സ്ഥാപനങ്ങൾ നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനാരോഗ്യ നിയമ പ്രകാരം കർശനമായ നിയമനടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.