ബോധി ബുക്സ് പുരസ്കാര വിതരണവും എഴുത്തുകാരെ ആദരിക്കലും സംഘടിപ്പിച്ചു
1531635
Monday, March 10, 2025 5:53 AM IST
പൂക്കോട്ടുംപാടം: ബോധി ബുക്സ് മൂന്നാമത് സാഹിത്യപുരസ്കാരം പൂക്കോട്ടുംപാടം കതിർ ഫാമിൽ വച്ച് നടന്ന സാംസ്കാരിക സമ്മേളനത്തിൽ വിതരണം ചെയ്തു. എഴുത്തുകാരനും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ. ടി.പി. കലാധരൻ, ബോധി ബുക്സ് മാനേജിംഗ് ഡയറക്ടറും കവിയും എഴുത്തുകാരനുമായ എൻ.എൻ.സുരേന്ദ്രനിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.
ഡോ. ടി.പി. കലാധരന്റെ ചില്ലാട്ട കല്യാണം എന്ന നോവലിനാണ് അവാർഡ് ലഭിച്ചത്. 25000 രൂപയും പ്രശസ്തിപത്രവും ഷെരീഫ് നിലന്പൂർ നിർമിച്ച ശില്പവുമടങ്ങിയതാണ് ബോധിസാഹിത്യ പുരസ്കാരം. ആര്യാടൻ ഷൗക്കത്ത് സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. എൽ.എൻ.സുരേന്ദ്രൻ അധ്യഷത വഹിച്ചു.
പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം അജിത്രി മുഖ്യപ്രഭാഷണം നടത്തി. ചില്ലാട്ട കല്യാണം നോവലിനെ പരിചയപ്പെടുത്തി നടനും സംവിധായകനുമായ പി.സജിൻ സംസാരിച്ചു. രാജീവ് ചെമ്മണിക്കര പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി. ബിപിസി മനോജ് കുമാർ, ഗ്രന്ഥശാല സംഘം താലൂക്ക് സെക്രട്ടറി സി. ജയപ്രകാശ്, ശാസ്ത്രസാഹിത്യ പരിഷത്ത് മേഖലാ പ്രസിഡന്റ് കെ. അരുണ്‍കുമാർ, മുജീബ് ദേവശേരി, ജി.സി. കാരയ്ക്കൽ, പ്രബിൻ, എം.എസ്. സാനു എന്നിവർ പ്രസംഗിച്ചു.
ബോധി സാഹിത്യോത്സവത്തിന്റെ ഭാഗമായി കുട്ടികളിൽ നിന്നുള്ള ആസ്വാദനക്കുറിപ്പിന് വി.പി. ആശ്രിത, കെ.ടി. ഫാത്തിമ ഹൈഫ, എൻ. നിഹലാ ഫാത്തിമ, ടി.പി. വരദ, സി. റിയ ഫാത്തിമ, എൻ. ആരാധ്യ, ഫാത്തിമ അൽഫ എന്നിവർക്ക് ബോധിയുടെ പുരസ്കാരം നൽകി. ചടങ്ങിൽ എഴുത്തുകാരെയും മികച്ച വായനക്കാരെയും ആദരിച്ചു. കവിയരങ്ങിൽ പ്രമുഖ കവികൾ വനിതാദിന കവിതകൾ അവതരിപ്പിച്ചു.