ചുങ്കത്തറയിൽ ഹരിത ഓഫീസ്, ഹരിത അയൽക്കൂട്ടം പ്രഖ്യാപനം നടത്തി
1531634
Monday, March 10, 2025 5:53 AM IST
ചുങ്കത്തറ: മാലിന്യമുക്ത നവകേരളം കാന്പയിന്റെ ഭാഗമായി ഹരിത കേരള മിഷൻ പദ്ധതിയിൽ ചുങ്കത്തറ ഗ്രാമപഞ്ചായത്തിൽ ഹരിത ഓഫീസ്, ഹരിത അയൽക്കൂട്ടം പ്രഖ്യാപനം നടന്നു. പഞ്ചായത്ത് നടപ്പാക്കുന്ന "ചന്തമേറും ചുങ്കത്തറ’ പദ്ധതിയിൽ പഞ്ചായത്തിലെ മുഴുവൻ അങ്കണവാടികളെയും ഹരിത അങ്കണവാടികളായും പഞ്ചായത്തിലെ 383 അയൽക്കൂട്ടങ്ങളെ ഹരിത അയൽക്കൂട്ടങ്ങളായും പ്രഖ്യാപിച്ചു.
ഹരിത കർമസേന യൂസർ ഫീ തരുന്ന ആളുകൾക്ക് പ്രഖ്യാപിച്ച 50 അമ്മമാർക്കുള്ള സാരി വിതരണവും ചടങ്ങിൽ നടന്നു. 25നുള്ളിൽ പഞ്ചായത്ത് സന്പൂർണ ഹരിത ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിക്കാനുള്ള തയാറെടുപ്പിലാണ് ചുങ്കത്തറ.
2023 ഒക്ടോബർ രണ്ടിനാണ് കാന്പയിൻ ആരംഭിച്ചത്. ഇതിനകം പഞ്ചായത്തിനെ വലിച്ചെറിയൽ മുക്ത പഞ്ചായത്തായും പ്രഖ്യാപിച്ചിട്ടുണ്ട്. മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നതും കത്തിക്കുന്നതും ഹരിത കർമസേനക്ക് യൂസർ ഫീ നൽകാതിരിക്കുന്നതും നിരീക്ഷിക്കാൻ വീടുകളിലും കടകളിലും പരിശോധന ശക്തമാക്കാൻ എൻഫോഴ്സ്മെന്റ് സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്.
രാത്രികാല പരിശോധന ഉൾപ്പെടെ വിപുലമായ പരിശോധനക്ക് രൂപം നൽകാനാണ് തീരുമാനം. പൊതുയിടങ്ങൾ, റോഡുകൾ എന്നിവയുടെ ശുചീകരണത്തിന് താത്ക്കാലിക തൊഴിലാളികളെ നിയമിക്കുകയും ചെയ്തു.
പരിപാടി വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ബിന്ദുസത്യൻ ഉദ്ഘാടനം ചെയ്തു. അംഗങ്ങളായ ഷാജഹാൻ ചേലൂർ, ബൈജു നല്ലംതണ്ണി, കെ.പി. മൈമൂന, നിഷിത മുഹമ്മദലി, എ.കെ. വിനോദ്, സി.എം. ചന്ദ്രൻ, മുജീബ് തുറക്കൽ, ജൂണിയർ സുപ്രണ്ട് ബി. ശിവദാസൻ, ഹരിത കേരളം ജില്ലാ റിസോഴ്സ് പേഴ്സണ്‍ പി. ശില്പ, സിഡിഎസ് പ്രസിഡന്റ് ഉഷ സുരേഷ് എന്നിവർ സംബന്ധിച്ചു.