മന്പാട് നടുവക്കാട് പുലിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
1531608
Monday, March 10, 2025 5:09 AM IST
നിലന്പൂർ: മന്പാട് വയോധികന് നേരെ പുലിയുടെ ആക്രമണം. മന്പാട് നടുവക്കാട് പൂക്കോടൻ മുഹമ്മദാലിയെയാണ് പുലി, മാന്തി പരിക്കേൽപ്പിച്ചത്. കാലിനും തുടയ്ക്കും ഉൾപ്പെടെ പുലി മാന്തിയ പാടുകളുണ്ട്. ഇദ്ദേഹത്തെ നിലന്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. ഇന്നലെ രാവിലെ 7.30 തോടെയാണ് സംഭവം.
രാവിലെ മന്പാട് കോളജിന് സമീപമുള്ള റോഡിൽ മുഹമ്മദാലി ബൈക്കിൽ സഞ്ചരിക്കുന്പോഴാണ് പുലിയുടെ ആക്രമണം ഉണ്ടായത്. പുലി സമീപത്തെ റബർ തോട്ടത്തിലൂടെ ഓടി മറഞ്ഞതായും മുഹമ്മദാലി പറഞ്ഞു. കഴിഞ്ഞ ദിവസം മന്പാട് എളംപുഴയിൽ പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞിരുന്നു.
പുലിയുടെ സാദ്യശ്യമുള്ള വന്യജീവിയുടെ ദൃശ്യവും ലഭിച്ചിരുന്നു. എന്നാൽ വനം വകുപ്പ് സ്ഥിരീകരണം വരുത്തിയിട്ടില്ല. മുഹമ്മദാലിയെ ആക്രമിച്ചത് പുലി തന്നെയെന്ന് മന്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ശ്രീനിവാസൻ പറഞ്ഞു. ഇക്കാര്യത്തിൽ വനം വകുപ്പ് ഉടൻ സ്ഥിരീകരണം നടത്തണം.
പുലിയെ പിടികൂടാൻ ഇന്ന് കൂട് സ്ഥാപിക്കാമെന്നും നീരിക്ഷണ കാമറകൾ സ്ഥാപിക്കാമെന്നും വനം വകുപ്പ് ഉറപ്പ് നൽകിയിട്ടുണ്ടെന്നും ശ്രീനിവാസൻ പറഞ്ഞു. വനം ആർആർടി വിഭാഗവും നാട്ടുകാരും പുലിക്കായി മണിക്കൂറുകൾ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.