എംഎൽഎ ഹെൽത്ത് കാർഡ് പദ്ധതി രണ്ടാം വർഷത്തിലേക്ക്
1531256
Sunday, March 9, 2025 5:03 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ മണ്ഡലത്തിൽ നജീബ് കാന്തപുരം എംഎൽഎ നടപ്പാക്കിയ "എംഎൽഎ ഹെൽത്ത് കാർഡ്’ പദ്ധതി രണ്ടാം വർഷത്തിലേക്ക്. മണ്ഡലത്തിലെ ആശാവർക്കർമാർ, അങ്കണവാടി വർക്കർമാർ, ഹെൽപ്പർമാർ, ആംബുലൻസ് ഡ്രൈവർമാർ, പരിരക്ഷാ- പാലിയേറ്റീവ് - ട്രോമാ കെയർ വോളണ്ടിയർമാർ, ഹരിത കർമ സേനാംഗങ്ങൾ, സിഡിഎസ് അംഗങ്ങൾ എന്നിവരുടെ ആരോഗ്യ പരിരക്ഷ ലക്ഷ്യമാക്കിയാണ് ഹെൽത്ത് കാർഡ് പദ്ധതി ആരംഭിച്ചത്. പെരിന്തൽമണ്ണയിലെ പത്തോളം സ്പെഷാലിറ്റി, സൂപ്പർ സ്പെഷാലിറ്റി ആശുപത്രികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.
എംഎൽഎ ഹെൽത്ത് കാർഡ് മുഖേന കഴിഞ്ഞ ഒരു വർഷക്കാലയളവിൽ ഇരുനൂറോളം പേർക്ക് വിവിധ ചികിത്സകൾക്കുള്ള ആനുകൂല്യം ലഭ്യമാക്കിയെന്നും പദ്ധതി വരും വർഷങ്ങളിലും തുടരാൻ തീരുമാനിച്ചതായും നജീബ് കാന്തപുരം എംഎൽഎ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 11 സിസേറിയൻ ഉൾപ്പെടെ 44 പേരുടെ പ്രസവ ചികിത്സ ഈ പദ്ധതിയിലൂടെ സൗജന്യമാക്കിയിരുന്നു.
എംഇഎസ് മെഡിക്കൽ കോളജാണ് പ്രസവ ചികിത്സ പൂർണമായും സൗജന്യമായി നൽകിയത്. 967 പേരാണ് നിലവിൽ ഈ പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളത്. പെരിന്തൽമണ്ണയിലെ വിവിധ ആശുപത്രികളിൽ വ്യത്യസ്ത തരത്തിലാണ് ചികിത്സാ ആനുകൂല്യങ്ങൾ നൽകി വരുന്നത്.
പദ്ധതിയിൽ അംഗത്വമെടുത്തവർക്ക് ഈ വർഷം മുതൽ രണ്ട് ലക്ഷം രൂപയുടെ ആക്സിഡന്റ് ഇൻഷ്വറൻസ് പോളിസി സൗജന്യമായി നൽകുമെന്ന് എംഎൽഎ പറഞ്ഞു. നിലവിൽ അംഗങ്ങളായവരുടെ അംഗത്വം പുതുക്കുന്നതിന് 15, 16, 17 തിയതികളിൽ എംഎൽഎ ഓഫീസിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.
എംഇഎസ് മെഡിക്കൽ കോളേജ് ആശുപത്രി, അൽഷിഫ പോസ്പിറ്റൽ, മൗലാന ഹോസ്പിറ്റൽ, രാംദാസ് ക്ലിനിക്, ക്രാഫ്റ്റ് ഹോസ്പിറ്റൽ, അസന്റ് ഇഎൻടി ഹോസ്പിറ്റൽ, ബികെസിസി ഹോസ്പിറ്റൽ, എൻഡോ ഡയബ് ഹോസ്പിറ്റൽ, അൽ സലാമ കണ്ണാശുപത്രി, അബേറ്റ് കണ്ണാശുപത്രി എന്നീ ഹോസ്പിറ്റിലുകളാണ് പദ്ധതിയുമായി സഹകരിക്കുന്നത്.