സുബ്രഹ്മണ്യൻ വധക്കേസ്: അന്വേഷണ ഉദ്യോഗസ്ഥന് വാറണ്ട്
1531994
Tuesday, March 11, 2025 7:56 AM IST
മഞ്ചേരി: കോടതിയിൽ വിചാരണക്ക് ഹാജരാകുന്നതിൽ കൃത്യവിലോപം കാണിച്ച അന്വേഷണ ഉദ്യോഗസ്ഥന് വാറണ്ട് അയച്ച് കോടതി. മഞ്ചേരി ജില്ലാ സെഷൻസ് കോടതി ജഡ്ജ് കെ. സനിൽകുമാറാണ് പൊന്നാനി സബ് ഇൻസ്പെക്ടറായിരുന്ന കൃഷ്ണലാലിന് ജില്ലാ പോലീസ് മേധാവി മുഖേന ഇന്നലെ വാറണ്ട് അയച്ചത്.
പൊന്നാനി എരിക്കമണ്ണ ഈഴവത്തിരുത്തി സ്വദേശി സുബ്രഹ്മണ്യൻ എന്ന മോഹനൻ(62)നെ മർദിച്ചു കൊലപ്പെടുത്തിയെന്ന കേസിലാണ് എസ്ഐ കൃഷ്ണലാലിനോട് ഇന്നലെ കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നത്. 2022 ഫെബ്രുവരി 25നാണ് കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട സുബ്രഹ്മണ്യന്റെ അയൽവാസിയായ പത്തായപ്പറന്പിൽ റജിൽ (32) ആണ് പ്രതി.
വഴിത്തർക്കം സംബന്ധിച്ച മുൻ വിരോധമാണ് കൊലപാതകത്തിന് കാരണം. സംഭവദിവസം രാവിലെ 11 മണിക്ക് പത്തായപ്പറന്പിൽ ഭഗവതി ക്ഷേത്രത്തിന് സമീപം വളത്തുനായയുമായി നിൽക്കുകയായിരുന്ന സുബ്രഹ്മണ്യനെ കൈകൊണ്ടടിച്ചും നെഞ്ചിൽ ചവിട്ടിയും മർദിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. ഈ കേസിൽ ഇന്ന് നടക്കുന്ന വിചാരണയിൽ അന്വേഷണ ഉദ്യോഗസ്ഥനായ കൃഷ്ണലാൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പുറപ്പെടുവിച്ച വാറണ്ട് ഇന്നലെ ജില്ലാ പോലീസ് മേധാവിക്ക് കൈമാറി.