മേലാറ്റൂരിൽ മാലിന്യ സംഭരണ കേന്ദ്രത്തിൽ വൻ തീപിടിത്തം
1531992
Tuesday, March 11, 2025 7:56 AM IST
മേലാറ്റൂർ: മേലാറ്റൂർ ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയം വളപ്പിലെ മാലിന്യ സംഭരണ കേന്ദ്രത്തിൽ (എംസിഎഫ്) വൻ തീപിടിത്തം. ഇന്നലെ ഉച്ചയ്ക്ക് 2.15നാണ് സംഭവം. തുടർന്ന് പെരിന്തൽമണ്ണ, തിരുവാലി, മഞ്ചേരി എന്നിവിടങ്ങളിലെ അഗ്നിരക്ഷാ നിലയത്തിൽ നിന്നുള്ള നാല് ഫയർ എൻജിനുകൾ ഉപയോഗിച്ച് ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് തീയണച്ചത്.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. 15 ടണ്ണോളം മാലിന്യങ്ങൾ കത്തിനശിച്ചിട്ടുണ്ട്. സംഭവം നടക്കുന്പോൾ ഹരിതകർമ സേനാംഗങ്ങൾ പുറത്തെ ജോലിയിലായിരുന്നതാനാൽ ദുരന്തമൊഴിവായി. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മുഴുവൻ വസ്തുക്കളിലും സമീപത്തെ തെങ്ങിലും തീപിടിച്ചത് ആശങ്ക പരത്തി. യൂസർഫീയായി ലഭിച്ച 93000 രൂപ, തയ്യൽ മെഷീൻ, ടാങ്ക് ഫാൻ, അലമാര തുടങ്ങിയവയും കത്തി നശിച്ചു.
അതേസമയം അജൈവ മാലിന്യ ശേഖരണകേന്ദ്രം സാമൂഹിക വിരുദ്ധർ തീയിട്ടതായി സംശയിക്കുന്നതായും വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്നും സിപിഎം മേലാറ്റൂർ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
ഹരിതകർമ സേനാംഗങ്ങൾ വീടുകളിൽ നിന്ന് ശേഖരിച്ച അജൈവ പാഴ്വസ്തുക്കളും തരംതിരിച്ച് വിൽപ്പനക്കായി മാറ്റിവച്ച സാധന സാമഗ്രികളും യൂസർ ഫീയായി ലഭിച്ച സംഖ്യയും ഹരിതകർമ സേനയുടെ ബാഗും മൊബൈലും ഉൾപ്പെടെ അവരുടെ എട്ടു വർഷത്തെ റിക്കാർഡുകളും കത്തി നശിച്ചിരിക്കുകയാണ്. അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കണമെന്നും കത്തിനശിച്ച മാലിന്യങ്ങൾ ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും സിപിഎം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
ഏരിയ കമ്മിറ്റി മെന്പർ വി.കെ. റൗഫ്, ലോക്കൽ സെക്രട്ടറി കെ.കെ. സിദീഖ്, ലോക്കൽ കമ്മിറ്റി മെന്പർമാരായ വി.ഇ.ശശിധരൻ, കെ.സുഗുണ പ്രകാശ്, എം. സൈതലവി, ശ്രീലേഖ, കെ.എച്ച് ഹേമന്ത് എന്നിവർ സംസാരിച്ചു.