കുടുംബശ്രീ സിഡിഎസ് അംഗങ്ങളുടെ യാത്രാ ബത്ത വർധിപ്പിക്കണം: എംഎൽഎ
1531978
Tuesday, March 11, 2025 7:49 AM IST
പെരിന്തൽമണ്ണ: കുടുംബശ്രീ സിഡിഎസ് അംഗങ്ങളുടെ പ്രതിമാസ യാത്രാ ബത്ത ചുരുങ്ങിയത് ആയിരം രൂപയെങ്കിലുമാക്കി വർധിപ്പിക്കണമെന്ന് നജീബ് കാന്തപുരം എംഎൽഎ നിയമസഭയിൽ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു.
സിഡിഎസ് അംഗങ്ങൾക്ക് യാത്രാ ബത്തയായി നൽകിയിരുന്നത് നൂറു രൂപയായിരുന്നു. ഇത് മുടങ്ങിയിട്ട് 14 മാസമായി. മാസത്തിൽ മൂന്നും നാലും യോഗങ്ങളിൽ പങ്കെടുക്കുന്നവരാണ് സിഡിഎസ് അംഗങ്ങൾ. യോഗങ്ങൾക്ക് പോകുന്നതിനുള്ള ബസ് ചാർജ് പോലും സർക്കാർ നൽകുന്നില്ല. ഇതെല്ലാം സ്വന്തം പോക്കറ്റിൽ നിന്നെടുത്താണ് അവർ യോഗങ്ങൾക്ക് പോകുന്നത്.
ധനകാര്യ മന്ത്രി മുന്പ് ബജറ്റ് പ്രസംഗത്തിൽ സിഡിഎസ് അംഗങ്ങളുടെ യാത്രാ ബത്ത 500 രൂപയാക്കി വർധിപ്പിക്കുമെന്ന് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സിഡിഎസ് അംഗങ്ങളുടെ യാത്രാബത്ത 500 രൂപയാക്കി വർധിപ്പിച്ചതായും ഇത് 2022 ജനുവരി മാസം മുതൽ മുൻകാല പ്രാബല്യത്തോടെ നൽകുമെന്നും തദ്ദേശവകുപ്പ് മന്ത്രിയും പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യത്തിൽ തദ്ദേശ വകുപ്പ് കഴിഞ്ഞവർഷം സർക്കുലർ പുറത്തിറക്കിയിരുന്നു. സംസ്ഥാനത്ത് 18367 കുടുംബശ്രീ സിഡിഎസ് അംഗങ്ങളാണുള്ളത്. കുടുംബശ്രീ സിഡിഎസ് അംഗങ്ങളുടെ ന്യായമായ ആവശ്യങ്ങളോട് സർക്കാർ മുഖം തിരിക്കരുതെന്നും എംഎൽഎ പറഞ്ഞു.