കരിപ്പൂരിൽ വൻ എംഡിഎംഎ വേട്ട; യുവാവ് അറസ്റ്റിൽ
1531993
Tuesday, March 11, 2025 7:56 AM IST
കൊണ്ടോട്ടി: കരിപ്പൂരിൽ യുവാവിന്റെ വീട്ടിൽ പോലീസ് നടത്തിയ റെയ്ഡിൽ അരക്കോടിയിലധികം വില വരുന്ന 1.665 കിലോഗ്രാം എംഡിഎംഎ പിടികൂടി. ലഹരിക്കേസിൽ കഴിഞ്ഞ ദിവസം മട്ടാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്ത നെടിയിരുപ്പ് ചിറയിൽ മുക്കൂട് മുള്ളൻമടയ്ക്കൽ ആഷിഖിന്റെ(26) വീട്ടിൽ നിന്നാണ് എംഡിഎംഎ പിടിച്ചെടുത്തത്.
പ്രതിക്ക് കഴിഞ്ഞദിവസം ഒമാനിൽ നിന്ന് പാഴ്സൽ വന്നതായി മലപ്പുറം പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് ഇന്നലെ രാവിലെ കരിപ്പൂരിലെ ഇയാളുടെ വീട്ടിൽ റെയ്ഡ് നടത്തിയത്. ഒമാനിൽനിന്ന് എയർകാർഗോ വഴിയാണ് ഇയാൾ എംഡിഎംഎ എത്തിച്ചതെന്ന് പോലീസ് പറഞ്ഞു.
ഒമാനിൽ അഞ്ചുവർഷമായി സൂപ്പർ മാർക്കറ്റ് ലീസിനെടുത്ത് നടത്തുകയായിരുന്നു ആഷിഖ്. ഇതിന്റെ മറവിലായിരുന്നു ലഹരി കച്ചവടം. ഒമാനിൽനിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന എംഡിഎംഎ കൊച്ചി, കരിപ്പൂർ വിമാനത്താവളങ്ങൾ വഴിയാണ് കേരളത്തിലെത്തിച്ചിരുന്നത്. ഭക്ഷ്യവസ്തുക്കൾക്കുള്ളിലുംഫ്ളാസ്ക്കുകളിലും ഒളിപ്പിച്ചായിരുന്നു ലഹരിക്കടത്ത്.
ജനുവരി 30ന് പോലീസ് നടത്തിയ പരിശോധനയിൽ മട്ടാഞ്ചേരിയിലെ ഹോട്ടലിൽ നിന്ന് മട്ടാഞ്ചേരി സ്വദേശി റിഫാസ് റഫീഖും മഹാരാഷ്ട്ര പൂനെ സ്വദേശിനി അയിഷ ഗഫർ സെയ്ദും 300 ഗ്രാമിനടുത്ത് എംഡിഎംഎയും 6.8 ഗ്രാം കഞ്ചാവും മൂന്ന് ലക്ഷം വിലവരുന്ന ഒമാൻ കറൻസികളുമായി അറസ്റ്റിലായിരുന്നു. തുടരന്വേഷണത്തിൽ നാലു പേർ കൂടി പിടിയിലായി. ഇവരിൽ നിന്ന് ലഭിച്ച വിവര പ്രകാരം എംഡിഎംഎ എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ വൈപ്പിൻ സ്വദേശിനി മാഗി ആഷ്നയെയും സംഘാംഗം മട്ടാഞ്ചേരി സ്വദേശി ഇസ്മായിൽ സേഠിനെയും ഫെബ്രുവരി ആദ്യവാരം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
തുടർന്ന് മയക്കുമരുന്നിന്റെ ഉറവിടം തേടിയുള്ള അന്വേഷണമാണ് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത് നെടിയിരുപ്പിലെ ആഷിഖിലേക്കെത്തിയത്. ഇയാൾ കേരളത്തിലെത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് മട്ടാഞ്ചേരി പോലീസ് മലപ്പുറത്തെത്തി രണ്ട് ദിവസം മുന്പ്് യുവാവിന്റെ വീട്ടിൽ നിന്ന് പിടികൂടിയിരുന്നു.