വീട്ടിൽ മദ്യ വില്പന; യുവാവ് പിടിയിൽ
1531636
Monday, March 10, 2025 5:53 AM IST
മഞ്ചേരി: വീട്ടിൽ വച്ച് മദ്യ വില്പന നടത്തുന്നതിനിടയിൽ യുവാവ് പിടിയിൽ. അരീക്കോട് പെരുംന്പറന്പ് കാലിയംകുളം വീട്ടിൽ ഷിജു (35) വാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. മഞ്ചേരി എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എം.എൻ. രഞ്ജിത്തിന്റെ നേതൃത്വത്തിലാണ് പെരുംന്പറന്പിലെ വീട്ടിൽ നിന്ന് മദ്യവില്പനക്കിടെ ഇയാളെ പിടികൂടിയത്.
വില്പന കഴിഞ്ഞ് അവശേഷിച്ച മൂന്നര ലിറ്റർ മദ്യവും കസ്റ്റഡിയിലെടുത്തു. ഷിജുവിനെ മുന്പും എക്സൈസ് ഉദ്യോഗസ്ഥർ മദ്യവുമായി പിടികൂടി കേസെടുത്തിട്ടുണ്ട്. സിവിൽ എക്സൈസ് ഓഫീസർമാരായ ജിഷിൽ നായർ, ടി. ശ്രീജിത്ത്, വനിതാ സിവിൽ എക്സൈസ് ഓഫീസർ എ.കെ. നിമിഷ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
മഞ്ചേരി ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുന്പാകെ ഹാജരാക്കിയ പ്രതിയെ മഞ്ചേരി സബ് ജയിലിൽ റിമാൻഡ് ചെയ്തു. ലഹരി വില്പനക്കും ഉപയോഗത്തിനുമെതിരേ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് മഞ്ചേരി എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു.