ചാലിയാർ പഞ്ചായത്തിലെ വന്യമൃഗശല്യം: സർവകക്ഷി യോഗം 13ന്
1531985
Tuesday, March 11, 2025 7:49 AM IST
നിലന്പൂർ: ചാലിയാർ പഞ്ചായത്തിലെ കാട്ടാന ശല്യത്തിനെതിരേ നടപടി ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഡിഎഫ്ഒയെ സന്ദർശിച്ചു. ഇക്കാര്യത്തിൽ 13 ന് സർവകക്ഷി യോഗം വിളിക്കാമെന്നും താൻ ഉൾപ്പെടെ പങ്കെടുക്കുമെന്നും ഡിഎഫ്ഒ അറിയിച്ചു.
ചാലിയാർ പഞ്ചായത്തിലെ ജനവാസ മേഖലകളായ മണ്ണുപാടം, മൈലാടി, അകന്പാടം, കോരക്കോട് ഭാഗങ്ങളിൽ കാട്ടനകൾ വീടുകളുടെ മതിലുകളും ഗേറ്റുകളും ഉൾപ്പെടെ തകർക്കുകയും വ്യാപകമായി കൃഷി നശിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മനോഹരൻ, നിലന്പൂർ ബ്ലോക്ക് പഞ്ചായത്തംഗം സഹിൽ അകന്പാടം, ചാലിയാർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും നിലവിലെ അംഗവുമായ പി.ടി.ഉസ്മാൻ എന്നിവരുടെ നേതൃത്വത്തിൽ നിലന്പൂർ നോർത്ത് ഡിഎഫ്ഒ പി. കാർത്തിക്കിനെ സന്ദർശിച്ച് നിലവിലെ സാഹചര്യം ബോധ്യപ്പെടുത്തിയത്.
വനംവകുപ്പിന്റെ ഭാഗത്ത് നിന്ന് എല്ലാ നടപടികളും സ്വീകരിക്കാമെന്നും 13ന് പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ യോഗം ചേരാമെന്നും ഡിഎഫ്ഒ ഉറപ്പ് നൽകി. ജനങ്ങളുടെ ആശങ്ക ബോധ്യപ്പെട്ട സാഹചര്യത്തിൽ അക്രമകാരികളായ രണ്ടാനകളെയും പന്തീരായിരം ഉൾവനത്തിലേക്ക് കയറ്റിവിടാമെന്നും ഡിഎഫ്ഒ ഉറപ്പ് നൽകിയിട്ടുണ്ടെന്ന് ജനപ്രതിനിധികൾ പറഞ്ഞു. ജനങ്ങൾക്ക് വീടുകളിൽ ഭയാശങ്കയില്ലാതെ കഴിയണം. പുലർച്ചെ ജോലിക്കായി പോകുന്നവരുടെ സുരക്ഷ ഉറപ്പാക്കുകയും വേണം. ഇല്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങളിലേക്ക് നീങ്ങുമെന്നും അവർ പറഞ്ഞു.