മന്പാട് പ്രദേശത്തെ പുലിശല്യം: കൂട് സ്ഥാപിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ
1531990
Tuesday, March 11, 2025 7:56 AM IST
നിലന്പൂർ: മന്പാട് ഭീതി പരത്തുന്ന പുലിയെ കൂട് സ്ഥാപിച്ച് പിടികൂടാൻ മന്ത്രിയുടെ ഉത്തരവ്. നിയമസഭയിൽ വണ്ടൂർ എംഎൽഎ എ.പി. അനിൽ കുമാറിന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് വനംമന്ത്രി എ.കെ.ശശീന്ദ്രൻ കൂട് സ്ഥാപിക്കുമെന്ന് അറിയിച്ചത്.
കഴിഞ്ഞ ഒരാഴ്ചയായി മന്പാട് പഞ്ചായത്തിലെ ജനങ്ങൾ പുലി ഭീതിയിലാണ്. ഈ സാഹചര്യത്തിലാണ് പുലിയെ കൂട്വച്ച് പിടിക്കാൻ ഉത്തരവ് നൽകിയതെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു. വേനൽചൂട് കടുത്തത് വനത്തിനുള്ളിലെ ആവാസ വ്യവസ്ഥക്ക് വലിയ മാറ്റം വരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അതിനാൽ വനത്തിനുള്ളിൽ ജലസ്രോതസുകൾ സംരക്ഷിച്ച് ജലലഭ്യത ഉറപ്പുവരുത്താൻ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
പ്രദേശത്ത് കൂട് സ്ഥാപിക്കുമെന്ന് നിലന്പൂർ സൗത്ത് ഡിഎഫ്ഒ ധനിക് ലാൽ അറിയിച്ചു. ശനിയാഴ്ച മന്പാട് പഞ്ചായത്തിലെ നടുവക്കാട് വച്ച് പുലി ഒരാളെ മാന്തി പരിക്കേൽപ്പിച്ചിരുന്നു. സ്ഥലം സന്ദർശിച്ച എംഎൽഎ നിയമസഭയിൽ ഈ വിഷയം അവതരിപ്പിക്കുമെന്ന് നാട്ടുകാർക്ക് ഉറപ്പ് നൽകിയിരുന്നു. അതേസമയം കടുവയും പുലിയും ആനയുമെല്ലാം ജനവാസ മേഖലയിലേക്ക് എത്തി തുടങ്ങിയതോടെ വനപാലകരും നെട്ടോട്ടത്തിലാണ്.