കരുവാരകുണ്ടിൽ കടുവ; പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം
1531991
Tuesday, March 11, 2025 7:56 AM IST
കരുവാരകുണ്ട്: കരുവാരകുണ്ട് കേരള എസ്റ്റേറ്റിലെ റബർ തോട്ടത്തിൽ കണ്ടെത്തിയത് അഞ്ചു വയസ് പ്രായം തോന്നിക്കുന്ന കടുവയെന്ന് ഡിഎഫ്ഒ ജി. ധനിക്ലാൽ. തുടർന്ന് ഡിഎഫ്ഒയുടെ നേതൃത്വത്തിൽ സ്ഥലത്ത് തെരച്ചിൽ നടത്തി.
കടുവയുടെ കാൽപ്പാടുകളും കാഷ്ഠവും പന്നിയുടെ അവശിഷ്ടങ്ങളും കണ്ടെത്തി. ഇന്നലെ രാവിലെ ടാപ്പിംഗ് തൊഴിലാളികളാണ് കടുവയെ കണ്ടത്. വൈകുന്നേരം ഡിഎഫ്ഒ ധനിക്ലാലിന്റെ നേതൃത്വത്തിൽ വനപാലകർ ഈ ഭാഗത്ത് പരിശോധന നടത്തുകയും പാറയ്ക്ക് മുകളിൽ വെള്ളം കെട്ടിനിൽക്കുന്ന ഭാഗത്തായി കടുവയുടെ കാൽപ്പാടുകൾ വ്യക്തമായി കാണുകയും ചെയ്തു.
തൊട്ടുതാഴെയായി കാഷ്ഠവും കണ്ടെത്തി. അതിനു താഴെയാണ് വേട്ടയാടിയ പന്നിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. തുടർന്ന് ഈ ഭാഗത്ത് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശവും നൽകി.