യുവകർഷകന്റെ വാഴത്തോട്ടം നശിപ്പിച്ചു പത്താംബ്ലോക്കിൽ കാട്ടാനകളുടെ വിളയാട്ടം
1531254
Sunday, March 9, 2025 5:03 AM IST
നിലന്പൂർ: ചാലിയാർ പഞ്ചായത്തിലെ പത്താം ബ്ലോക്കിൽ കാട്ടാനകളുടെ വിളയാട്ടം. കാട്ടാനകൾ യുവ കർഷകന്റെ വാഴത്തോട്ടം നശിപ്പിച്ചു. മലപ്പുറം -കോഴിക്കോട് ജില്ലകളുടെ അതിർത്തിയോട് ചേർന്നു കിടക്കുന്ന വെണ്ടേക്കുംപൊയിൽ സ്വദേശിയായ ഹരീഷിന്റെ പത്താം ബ്ലോക്കിലുള്ള കൃഷിയിടത്തിലാണ് കാട്ടാനകൾ വ്യാപകമായി നേന്ത്രവാഴകൾ നശിപ്പിച്ചത്. രണ്ടാഴ്ചക്കുള്ളിൽ നശിപ്പിച്ചത് കുലച്ചതും കുലക്കാറായതുമായ 500ലേറെ വാഴകളാണ്. പാട്ടത്തിനെടുത്ത ഭൂമിയിൽ 2000 നേന്ത്രവാഴകൾ കൃഷി ചെയ്തിരുന്നു.
നേന്ത്രവാഴകൾ വന്യമൃഗങ്ങൾ നശിപ്പിക്കാതിരിക്കാൻ 50000 ത്തോളം രൂപ ചെലവഴിച്ച് വാഴത്തോട്ടത്തിൽ സ്ഥാപിച്ച സോളാർ വൈദ്യുതവേലിയും കാട്ടാന തകർത്തു. വാഴത്തോട്ടത്തിൽ താൽക്കാലികമായി നിർമിച്ച ഷെഡ് ആന തകർത്തതോടെ പാറപ്പുറത്ത് താൽക്കാലിക ഷെഡ് നിർമിച്ചിരിക്കുകയാണ്. നിലവിലെ നേന്ത്രക്കായയുടെ വില വച്ച് മൂന്ന് ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. 10 മുതൽ 20 കിലോ വരെ തൂക്കം ലഭിക്കേണ്ട വാഴക്കുലകളാണ് നഷ്ടമായത്.
സഹകരണ ബാങ്കിൽ നിന്ന് അഞ്ച് ലക്ഷം രൂപ വായ്പ എടുത്തതിന് പുറമെ സ്വകാര്യവ്യക്തികളിൽ നിന്നും വായ്പ വാങ്ങിയുമാണ് കൃഷി നടത്തുന്നതെന്ന് ഹരീഷ് പറഞ്ഞു. വാഴക്ക് ആറു പ്രാവശ്യം വളപ്രയോഗം നടത്തണം. കൂടാതെ ജലസേചനവും വേണം. ഒറ്റക്ക് പണി നടത്താൻ കഴിയാത്തതിനാൽ രണ്ടു തൊഴിലാളികളുമുണ്ട്. അതിനാൽ കൃഷിക്കായി വലിയ തുക ഇതിനകം ചെലവായി കഴിഞ്ഞു.
ഏപ്രിൽ മാസത്തോടെ വാഴക്കുലകൾ വെട്ടി വിൽക്കാൻ കഴിയുമായിരുന്നു. ഇതിനിടയിലാണ് കാട്ടാനകൾ വാഴത്തോട്ടത്തിലേക്ക് എത്തിയത്. വനം വകുപ്പ് ഒരു വാഴക്ക് പരമാവധി നഷ്ടപരിഹാരമായി നൽകുന്നത് 87 രൂപ മാത്രമാണ്. കടങ്ങൾ എങ്ങനെ വീട്ടുമെന്ന് ഈ യുവ കർഷകൻ ചോദിക്കുന്പോൾ അതിന് മറുപടിയില്ല. പന്തീരായിരം വനമേഖലയിൽ നിന്നാണ് കാട്ടാനകൾ എത്തുന്നത്. ഒരു വാഴക്ക് 20 രൂപ പാട്ടമായി സ്ഥലം ഉടമക്ക് നൽകണം. വിവരം അറിയിച്ചാൽ വനപാലകർ എത്താറുണ്ട്. പടക്കം പൊട്ടിച്ച ശേഷം അവർ മടങ്ങും.
മണിക്കൂറുകൾക്കുള്ളിൽ കാട്ടാനകൾ വീണ്ടുമെത്തി കൃഷി നശിപ്പിക്കും. ജീവിക്കാൻ വേണ്ടി പകൽ വിയർപ്പ് ഒഴുക്കിയും രാത്രി കാവൽ കിടന്നും നോക്കുന്ന വാഴകളാണ് കാട്ടാനകളും കാട്ടുപന്നികളുമെല്ലാം നശിപ്പിക്കുന്നതെന്നും ഹരീഷ് പറഞ്ഞു. ഇത് ഹരീഷിന്റെ മാത്രം പ്രശ്നമല്ല. മലപ്പുറം ജില്ലയുടെ മലയോര മേഖലയിൽ കാട്ടാനകൾ കൃഷി നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്.