കരുളായിയിൽ വന്യമൃഗശല്യം തടയാൻ നടപടികളുമായി വനംവകുപ്പ്
1515065
Monday, February 17, 2025 5:43 AM IST
അടിക്കാടുകൾ വെട്ടിമാറ്റുന്നു, ഉൾവനത്തിൽ തടയണ നിർമിക്കുന്നു
നിലന്പൂർ: നിലന്പൂർ മേഖലയിൽ വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നതു തടയാൻ ഊർജിത നടപടിയുമായി കരുളായി റേഞ്ച് അധികൃതർ. കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് തടയാനാണ് നിലന്പൂരിലെ ക്ലബുമായി സഹകരിച്ച് വനംവകുപ്പ് നടപടി തുടങ്ങിയത്. അടിക്കാടുകൾ വെട്ടിനീക്കിയും ഉൾവനത്തിൽ തടയണ നിർമിച്ചുമാണ് വനംവകുപ്പിന്റെ പ്രതിരോധം.
കരുളായി റേഞ്ച് ഓഫീസർ പി.കെ. മുജീബ് റഹ്മാന്റെ നേതൃത്വത്തിലാണ് പ്രവൃത്തി ആരംഭിച്ചത്. നിലന്പൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന വൈൽഡ് വീൽസ് അഡ്വെഞ്ച്വർ ക്ലബുമായി സഹകരിച്ചാണ് ജനവാസ മേഖലകളോട് ചേർന്നുകിടക്കുന്ന വനാതിർത്തികളിലെ അടിക്കാടുകൾ വെട്ടിമാറ്റുന്നത്. ഇതോടൊപ്പം കരിന്പുഴ വന്യജീവി സങ്കേതത്തിലാണ് തടയണ നിർമിക്കുന്നത്. കരുളായി റേഞ്ചിലെ പടുക്ക വനം സ്റ്റേഷൻ പരിധിയിലെ കല്ലാൻതോട്, നെടുങ്കയം വനംസ്റ്റേഷൻ പരിധിയിലെ ചെറുപുഴ, പാലാങ്കര ഭാഗങ്ങളിലേക്ക് കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യജീവികൾ ഇറങ്ങുന്നത് തടയുന്നതിനാണ് നടപടി.
കാട്ടാനകൾ രാപ്പകൽ വ്യത്യാസമില്ലാതെ ജനവാസ മേഖലകളിലേക്ക് എത്തുകയും സ്കൂട്ടറുകൾ ഉൾപ്പെടെ തകർക്കുകയും വൻ തോതിൽ കൃഷികൾ നശിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ജനങ്ങളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ വനംവകുപ്പിന്റെ ഇടപെടൽ.
വേനൽ കടുത്ത സാഹചര്യത്തിൽ വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലേക്ക് സമീപമുള്ള പുഴകളിൽ വെള്ളം തേടി എത്തുന്ന സാഹചര്യം ഒഴിവാക്കാനാണ് കരിന്പുഴ വന്യജീവി സങ്കേതത്തിൽ ഈങ്ങാർതോട്ടിൽ എട്ടുകണ്ണി ഭാഗത്ത് തടയണ പണിയുന്നത്. ഇവിടെ എപ്പോഴും വെള്ളം ലഭിക്കും.
ഈ പ്രവൃത്തികളുടെ ഉദ്ഘാടന ചടങ്ങിൽ മൂത്തേടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉസ്മാൻ കാറ്റാടി, കരുളായി റേഞ്ച് ഓഫീസർ പി.കെ. മുജീബ് റഹ്മാൻ, പടുക്ക ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അംജിത്ത്, നെടുങ്കയം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ബിജു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ.ടി.റെജി, ഡെയ്സി, നിലന്പൂർ വൈൽഡ് വീൽസ് അഡ്വെഞ്ച്വർ ക്ലബ് പ്രസിഡന്റ് വിവേക് മേനോൻ, പടുക്ക, നെടുങ്കയം സ്റ്റേഷനുകളിലെ വനപാലകർ, വാച്ചർമാർ എന്നിവർ പങ്കെടുത്തു.