പരിയാപുരം ഫാത്തിമ മാതാ ഫൊറോന പള്ളി തിരുനാളിന് നാളെ തുടക്കം
1507724
Thursday, January 23, 2025 5:30 AM IST
അങ്ങാടിപ്പുറം: പരിയാപുരം ഫാത്തിമ മാതാ ഫൊറോന പള്ളിയില്‍ ഇടവക മധ്യസ്ഥയായ പരിശുദ്ധ ഫാത്തിമ മാതാവിന്റെയും രക്തസാക്ഷിയായ വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാള്‍ ആഘോഷത്തിന് നാളെ തുടക്കം. നാളെ രാവിലെ ആറിന് ആരാധനയും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും ഉണ്ടാകും.
വൈകുന്നേരം അഞ്ചിന് വികാരി ഫാ.ജോര്‍ജ് കളപ്പുരക്കല്‍ തിരുനാളിന് കൊടിയേറ്റും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും 6.15ന് സെമിത്തേരി സന്ദര്‍ശനവും ഒപ്പീസും. 6.45ന് ഹൈസ്കൂള്‍ അങ്കണത്തില്‍ കലാസന്ധ്യ അരങ്ങേറും.
25ന് രാവിലെ ആറിന് ആരാധനയും വിശുദ്ധ കുര്‍ബാനയും. രാവിലെ 11ന് വയോജന കൂട്ടായ്മയും വിശുദ്ധ കുര്‍ബാനയും ഉണ്ടാകും. ഫാ.ജോബിന് പുതുപ്പറമ്പില്‍ കാര്‍മികത്വം വഹിക്കും. വൈകുന്നേരം മൂന്നിന് തിരുസ്വരൂപങ്ങള്‍ എഴുന്നള്ളിച്ചുവയ്ക്കും.
അഞ്ചിന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയില്‍ താമരശേരി രൂപത കെസിവൈഎം ഡയറക്ടര്‍ ഫാ.ജോബിന് തെക്കേക്കരമറ്റത്തില്‍ മുഖ്യകാര്‍മികത്വം വഹിക്കും. 6.30ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ കിഴക്കേമുക്ക് കുരിശുപള്ളിയിലേക്ക് ആഘോഷമായ പ്രദക്ഷിണം. രാത്രി 8.15ന് ആകാശവിസ്മയവും തുടര്‍ന്ന് വാദ്യമേളവും. 26ന് രാവിലെ ആറിന് ആരാധനയും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും. രാവിലെ 10നു നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയില്‍ ഫാ.റോബിന് കൊല്ലറേട്ട് മുഖ്യകാര്‍മികത്വം വഹിക്കും.
ഫാ.ജോബിന് പുതുപ്പറമ്പില്‍ വചന സന്ദേശം നല്‍കും. പരിയാപുരം കുരിശുപള്ളിയിലേക്ക് നടക്കുന്ന പ്രദക്ഷിണത്തിനു ശേഷം സമാപന ആശീര്‍വാദവും വാദ്യഘോഷവും നടക്കും. രാത്രി 7.30ന് തിരുവനന്തപുരം ലയന കമ്മ്യൂണിക്കേഷന്‍സ് അവതരിപ്പിക്കുന്ന ഡ്രാമാസ്കോപ് ബൈബിള്‍ നാടകം "ആര്ത്തബാന്’ അരങ്ങേറും. ഇതോടെ തിരുനാളിനു സമാപനമാകും.