പുഴകള്‍ വറ്റുന്നു; തടയണ നിര്‍മാണം തുടങ്ങി
1497343
Wednesday, January 22, 2025 6:07 AM IST
കരുവാരകുണ്ട്: തുലാവര്‍ഷം ചതിച്ചതിനെ തുടര്‍ന്ന് വേനല്‍ ആരംഭത്തോടെ തന്നെ പുഴകള്‍ വറ്റിതുടങ്ങുകയും ജലക്ഷാമം രൂക്ഷമാകുമെന്നതിനാല്‍ നാട്ടുകാര്‍ പണപ്പിരിവ് നടത്തി തടയണകള്‍ നിര്‍മിച്ചു തുടങ്ങി. തരിശ് കുണ്ടോടയിലാണ് പ്രദേശവാസികള്‍ പിരിവെടുത്ത് തടയണ നിര്‍മിച്ചത്.
മുന്‍ കാലങ്ങളിലെല്ലാം വേനല്‍ ആരംഭത്തില്‍ തന്നെ ഗ്രാമപഞ്ചായത്ത് ഭരണസമിതി തടയണ നിര്‍മിക്കാന്‍ ഫണ്ട് വകയിരുത്താറുണ്ടായിരുന്നു. ഇക്കൊല്ലം വേനല്‍ ആരംഭിച്ചിട്ടും തടയണകള്‍ പണിയാന്‍ ഗ്രാമപഞ്ചായത്ത് ഫണ്ട് വകയിരുത്തിയില്ലെന്നാണ് നാട്ടുകാര്‍ പരാതിപ്പെടുന്നത്. പുഴയില്‍ നീരൊഴുക്ക് നിലയ്ക്കുന്നതോടെ ജലക്ഷാമം രൂക്ഷമാകും.
പ്രദേശത്തെ കിണറുകളല്ലൊം വറ്റി തുടങ്ങും. ഇത് കുടിവെള്ളക്ഷാമവും വിളിച്ചുവരുത്തും. മുന്‍ വര്‍ഷങ്ങളില്‍ ഗ്രാമപഞ്ചായത്തിലെ ചില പ്രദേശങ്ങളില്‍ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിട്ടിരുന്നു. തടയണ നിര്‍മിച്ചാല്‍ വെള്ളം കെട്ടി നില്‍ക്കുകയും അത് കിണറുകളിലെ ജലനിരപ്പ് താഴാതെ സംരക്ഷിക്കുകയും ചെയ്യും. മാത്രമല്ല തടയണ കെട്ടി ജലം സംഭരിക്കാനായാല്‍ പ്രദേശവാസികള്‍ക്ക് കുളിക്കാനും അലക്കാനും സാധിക്കും.
പുഴയോരങ്ങളിലെ കൃഷിക്കും തടയണകള്‍ സൗകര്യപ്രദമാകും. പുല്‍വെട്ട, കക്കറ, പയ്യാക്കോട്,ചുള്ളിയോട് പ്രദേശങ്ങളില്‍ ജനങ്ങളുടെ കുടിവെള്ള സ്രോതസായ ജലനിധി കിണറില്‍ വെള്ളം നിലനിര്‍ത്താന്‍ പ്രതീക്ഷ ചാരിറ്റബിള്‍ മൂവ്മെന്റ് ചെയര്മാന് അയ്യൂബ് മേലടേത്ത് തടയണ നിര്‍മിച്ചു നല്‍കിയിരുന്നു. ഗ്രാമപഞ്ചായത്ത് മുന്‍കൈയെടുത്ത് ഒലിപ്പുഴയുടെ വിവിധ ഭാഗങ്ങളില്‍ തടയണ നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.