മാണൂരില്‍ കെഎസ്ആര്‍ടിസിയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്
1497346
Wednesday, January 22, 2025 6:07 AM IST
എടപ്പാള്‍: സംസ്ഥാന പാതയില്‍ മാണൂരില്‍ ബസുകള്‍ കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്കേറ്റു. കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇന്നലെ പുലര്‍ച്ചെ 2.50നാണ് അപകടമുണ്ടായത്. അപകടത്തില്‍ രണ്ടു ബസുകളിലുള്ളവർക്കും പരിക്കേറ്റു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്.
ഗുരുതരമായി പരിക്കേറ്റവരില്‍ ഒരാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും രണ്ടുപേരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. ബസുകളുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
തൃശൂരില്‍ നിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും കാസര്‍ഗോഡ് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്. അപകടം നടന്ന ഉടനെ നാട്ടുകാര്‍ പരിക്കേറ്റവരെ എടപ്പാളിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.