മഞ്ചേരിയില്‍ 27 മുതല്‍ ഗതാഗത പരിഷ്കാരം
1497340
Wednesday, January 22, 2025 6:07 AM IST
മഞ്ചേരി: മഞ്ചേരി നഗരത്തില്‍ ഗതാഗത പരിഷ്കാരം നടപ്പാക്കാന്‍ റീജണല്‍ ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി (ആര്‍ടിഎ) തീരുമാനം. 27 മുതല്‍ 15 ദിവസത്തേക്ക് താല്‍ക്കാലികമായി നടത്താനാണ് നിര്‍ദേശം.
കാലാവധി തീരുന്ന മുറക്ക് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് പുരോഗതി വിലയിരുത്തും. ട്രയല്‍ റണ്‍ വിജയകരമാണെങ്കില്‍ പരിഷ്കാരം തുടരും. 2024 ഫെബ്രവരി ഒന്നിന് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി എടുത്ത തീരുമാനങ്ങളില്‍ ചിലത് അംഗീകരിക്കുകയും ഭേദഗതികള്‍ വരുത്തിയുമാണ് പുതിയ പരിഷ്കാരം.
ആനക്കയം ഭാഗത്ത് നിന്ന് മഞ്ചേരിയിലേക്ക് വരുന്നതും ആനക്കയം ഭാഗത്തേക്ക് തിരിച്ച് പോകേണ്ടതുമായ ബസുകള്‍ കച്ചേരിപ്പടി ഐജിബിടിയില്‍ നിന്ന് ഓപ്പറേറ്റ് ചെയ്യണമെന്നായിരുന്നു റെഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനം.
എന്നാല്‍ ഈ ബസുകള്‍ തുറക്കല്‍ ബാപ്പുട്ടി ബൈപാസ്, മുനിസിപ്പല്‍ ഓഫീസ് വഴി സെന്‍ട്രല്‍ ജംഗ്ഷനിലെത്തി അവിടെ നിന്ന് നിലമ്പൂര്‍ റോഡിലൂടെ ജസീല ജംഗ്ഷനിലെത്തി സിഎച്ച് ബൈപാസ് വഴി സീതിഹാജി സ്റ്റാന്ഡിലെത്തണമെന്നാണ് പുതിയ പരിഷ്കാരം. കിഴിശേരി ഭാഗത്ത് നിന്ന് വരുന്ന ബസുകള്‍ കോഴിക്കോട് റോഡിലൂടെ സെന്‍ട്രല്‍ ജംഗ്ഷനിലെത്തി ജസീല ജംഗ്ഷന്, സിഎച്ച് ബൈപാസ് വഴി സീതിഹാജി ബസ് സ്റ്റാന്‍ഡില്‍ പ്രവേശിക്കണം. അവിടെ നിന്ന് പാണ്ടിക്കാട് റോഡ്, മലപ്പുറം റോഡ് വഴി ഐജിബിടിയിലെത്തണം.
പൂക്കോട്ടൂര്‍ ഭാഗത്ത് നിന്ന് വരുന്ന ബസുകള്‍ ആദ്യം ഐജിബിടി സ്റ്റാന്‍ഡില്‍ പ്രവേശിച്ച് കിഴിശേരി ബസുകള്‍ക്ക് സമാനമായ രീതിയില്‍ നഗരത്തിലൂടെ കറങ്ങി സീതി ഹാജി ബസ് സ്റ്റാന്‍ഡില്‍ പ്രവേശിക്കണം. നിലവില്‍ കോഴിക്കോട് ഭാഗത്തേക്കുള്ള ബസുകള്‍ ഐജിബിടിയില്‍ നിന്നാണ് ഓപറേറ്റ് ചെയ്യുന്നത്. ഇതിലും മാറ്റം വരുത്തി. കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന ബസുകള്‍ കോഴിക്കോട് റോഡിലൂടെ സെന്‍ട്രല്‍ ജംഗ്ഷനിലെത്തി ജസീല ജംഗ്ഷന് വഴി സിഎച്ച് ബൈപാസിലൂടെ പ്രവേശിച്ച് സീതിഹാജി സ്റ്റാന്‍ഡില്‍ കയറി പാണ്ടിക്കാട്, മലപ്പുറം റോഡ് വഴി ഐജിബിടിയില്‍ എത്തണം.
നിലമ്പൂര്‍ ഭാഗത്ത് നിന്ന് വരുന്ന ബസുകള്‍ ജസീല ജംഗ്ഷന്, സി.എച്ച്. ബൈപാസ് വഴി സീതിഹാജി സ്റ്റാന്‍ഡിലെത്തി മലപ്പുറം റോഡിലൂടെ ഐജിബിടി സ്റ്റാന്‍ഡിലെത്തണം. പിന്നീട് തിരിച്ച് നിലമ്പൂര്‍ ഭാഗത്തേക്ക് പോകുമ്പോള്‍ തുറക്കല്‍ ബാപ്പുട്ടി ബൈപാസ് വഴി കോഴിക്കോട് റോഡിലൂടെ സെന്‍ട്രല്‍ ജംഗ്ഷനിലെത്തി ജസീല ജംഗ്ഷന് വഴി പോകണമെന്നും പരിഷ്കാരത്തിലുണ്ട്.
തുറക്കല്‍ ബാപ്പുട്ടി ബൈപാസ് ജംഗ്ഷന് മുതല്‍ സെന്‍ട്രല്‍ ജംഗ്ഷന് വരെ കോഴിക്കോട് റോഡില്‍ വണ്‍വേ സംവിധാനം ആരംഭിക്കണം. പാണ്ടിക്കാട് റോഡ് ജംഗ്ഷന് മുതല്‍ സെന്‍ട്രല്‍ ജംഗഷന് വരെ, സെന്‍ട്രല്‍ ജംഗ്ഷനില്‍ നിന്ന് ജസീല ജംഗ്ഷന് വരെ, ജസീല ജംഗഷന് മുതല്‍ സിഎച്ച് ബൈപാസ് റോഡ്, കച്ചേരിപ്പടി ഐജിബിടി മുതല്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് റോഡ് മുനിസിപ്പല്‍ ഓഫീസ് വരെ എന്നീ റോഡുകള്‍ വണ്‍ വേ സംവിധാനം ആക്കണമെന്നും നിര്‍ദേശത്തിലുണ്ട്.
ട്രാഫിക് പരിഷ്കാരത്തിനെതിരേ കോടതിയെ സമീപിക്കുമെന്ന് ബസുടമകള്‍
മഞ്ചേരി: ആര്‍ടിഎ തീരുമാന പ്രകാരം മഞ്ചേരിയില്‍ 27 മുതല്‍ നടപ്പാക്കുന്ന ട്രാഫിക് പരിഷ്കാരം അശാസ്ത്രീയമാണെന്നും സമയ നഷ്ടവും ഗതാഗതക്കുരുക്കും വര്‍ധിപ്പിക്കാന്‍ മാത്രമേ ഉപകരിക്കുവെന്നും ബസുടമകള്‍. പരിഷ്കാരം നടപ്പാക്കിയാല്‍ ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്നും ജില്ലാ ബസ് ഓപറേറ്റേഴ്സ് അസോസിയേഷന് എക്സിക്യൂട്ടീവ് യോഗം മുന്നറിയിപ്പ് നല്കി.
യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി ഹംസ ഏരിക്കുന്നന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദലി ഹാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പക്കീസ കുഞ്ഞിപ്പ, പാസ് മാനു, യു. അനില്‍കുമാര്‍, കിസാന്‍ മാനു, കെ.പി. മുഹമ്മദ് കോയ റഫീഖ് കുരിക്കള്‍ എന്നിവര്‍ പ്രസംഗിച്ചു.