വനിതാ കലാകായിക മേള: വിളംബര ഘോഷയാത്ര നടത്തി
1497350
Wednesday, January 22, 2025 6:10 AM IST
വണ്ടൂര്‍: പോരൂര്‍ ഗ്രാമപഞ്ചായത്തിന്റെ നൂതനാശയ പദ്ധതിയിലുള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന വനിതാ കലാകായിക മേളയുടെ പ്രചാരണ ഘോഷയാത്ര വര്‍ണാഭമായി. പെണ്ണരങ്ങ്, അങ്കണവാടി കലോത്സവമായ കളിയരങ്ങ്, ഭിന്നശേഷി കലോത്സവമായ അരങ്ങ് എന്നിവയുടെ പ്രചാരണാര്‍ഥമാണ് വിളംബര ഘോഷയാത്ര സംഘടിപ്പിച്ചത്.
പഞ്ചായത്ത് പരിസരത്ത് നിന്ന് ആരംഭിച്ച ഘോഷയാത്രയില്‍ വിവിധ വനിതാ കൂട്ടായ്മകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, ഹരിത കര്‍മ സേനാംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, പോരൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ്, എസ്പിസി, റെഡ് ക്രോസ് യൂണിറ്റ് അംഗങ്ങള്‍ അണിനിരന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. മുഹമ്മദ് ബഷീര്‍, വൈസ് പ്രസിഡന്റ് കെ.പി. സക്കീന, സ്ഥിരംസമിതി അധ്യക്ഷരായ പി.കെ. ഭാഗ്യലക്ഷ്മി, വി. മുഹമ്മദ് റാഷിദ്, പഞ്ചായത്ത് അംഗങ്ങള്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ കെ. ഉമൈസ് എന്നിവര്‍ നേതൃത്വം നല്കി.