എടക്കര പഞ്ചായത്ത് വാര്‍ഷിക സെമിനാര്‍ നടത്തി
1507719
Thursday, January 23, 2025 5:30 AM IST
എടക്കര: എടക്കര ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2025-26 വര്‍ഷത്തേക്കുള വാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം ഉദ്ഘാടനം ചെയ്തു. ബഡ്സ് സ്കൂള്‍ രക്ഷിതാക്കള്‍ക്ക് സ്വയം തൊഴിലിനുള്ള കെട്ടിടം നിര്‍മിക്കാന്‍ ഫണ്ട് അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഭവനരഹിതര്‍ക്ക് വീട് നിര്‍മിക്കുന്നതിന് മുന്‍ഗണന നല്കി തയാറാക്കിയ പദ്ധതിയില്‍ ആരോഗ്യ, വിദ്യാഭ്യാസ, കാര്‍ഷിക മേഖലക്കും മുന്തിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്. 7,62,99,400 രൂപയാണ് വിവിധ പദ്ധതികള്‍ക്കായി വകയിരുത്തിയിട്ടുള്ളത്. 14 വര്‍ക്കിംഗ് ഗ്രൂപ്പുകളില്‍ നിന്നായി യോഗത്തില്‍ പങ്കെടുത്ത വിവിധ മേഖലകളിലെ വിദഗ്ധരടക്കം പഞ്ചായത്തിന്റെ സമഗ്ര വികസനത്തിന് ഊന്നല്‍ നല്കുന്ന ആശയങ്ങളും നിര്‍ദേശങ്ങളും നല്കി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. ജെയിംസ് അധ്യക്ഷത വഹിച്ചു. നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ആയിശക്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം സോമന് പാര്‍ലി, പഞ്ചായത്തംഗങ്ങളായ കബീര്‍ പനോളി തുടങ്ങിയവര്‍ പ്രസംഗിച്ചു.