അധികൃതരുടെ അവഗണന; കല്ക്കുണ്ടിലേക്കുള്ള യാത്ര ദുരിതപൂര്‍ണം
1507716
Thursday, January 23, 2025 5:30 AM IST
കരുവാരകുണ്ട്: കരുവാരകുണ്ടിലെ പ്രധാന കാര്‍ഷിക നാണ്യവിള കേന്ദ്രവും കുടിയേറ്റ മേഖലയും കേരളാംകുണ്ട് വിനോദ സഞ്ചാര കേന്ദ്രവുമുള്‍പ്പെടെ സ്ഥിതി ചെയ്യുന്ന കല്ക്കുണ്ടിലേക്കുള്ള യാത്ര ദുരിത പൂര്‍ണമാണെന്ന് പരാതി. റോഡ് പൊട്ടിപ്പൊളിഞ്ഞ് കുഴി രൂപപ്പെട്ടതിനാലാണ് യാത്ര ദുരിതമായിരിക്കുന്നത്.
മലയോര മേഖലയായ കല്‍ക്കുണ്ടില്‍ നിന്ന് നാണ്യവിളകള്‍ ഉള്‍പ്പെടെ ധാരാളം വിഭവങ്ങള്‍ പുറംലോകത്ത് എത്തിക്കുന്നതിനും കാര്‍ഷിക ജോലി ചെയ്യുന്നവരും അനുബന്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുമായി നിരവധി പേരാണ് ദിനേന ഈ റോഡിലൂടെ സഞ്ചരിക്കുന്നത്. ഇതുവഴി കാര്‍ഷികോത്പന്നങ്ങള്‍ ഉൾപ്പെടെയുള്ളവ വ്യാപാര കേന്ദ്രങ്ങളിലേക്ക് വാഹനങ്ങളില്‍ കടത്തുന്നതിനിടെ റോഡിലെ കുഴിയില്‍ വീണ് വാഹനങ്ങള്‍ തകരാറിലാകുന്നതും നിത്യസംഭവമാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
നൂറുക്കണക്കിന് കുടുംബങ്ങള്‍ പ്രദേശത്ത് താമസിക്കുന്നുമുണ്ട്. ഇതിനെല്ലാം പുറമേ വിനോദസഞ്ചാരികളുടെ ഒഴുക്ക് കൂടി ഈ പ്രദേശത്തേക്ക് സര്‍വസാധാരണമാണ്. റിസോര്‍ട്ടുകള്‍ ഉള്‍പ്പെടെ ഈ പ്രദേശത്ത് സ്ഥിതി ചെയ്യുന്നു. റോഡ് പൊട്ടിപ്പൊളിഞ്ഞ് കുഴികള്‍ രൂപപ്പെട്ടതിനാല്‍ യാത്ര ദുര്‍ഘടമാണ്.
റോഡിന്റെ അറ്റകുറ്റപണി നടത്തിയിട്ട് അഞ്ചു വര്‍ഷത്തോളമായെന്നും പ്രദേശവാസികള്‍ പറഞ്ഞു. അഞ്ച് ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളോ പൊതുമരാമത്ത് വകുപ്പോ റോഡില്‍ അവകാശമുന്നയിക്കാത്തതിനാല് ഫണ്ട് ചെലവഴിക്കുന്നതില്‍ പരസ്പരം പഴിചാരികയാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
കിഴക്കേത്തല മുതല്‍ കല്‍ക്കുണ്ട് വരെയുള്ള ഭാഗം വീതി കൂട്ടി രണ്ടുവരി പാതയാക്കി വിനോദസഞ്ചാരികള്‍ക്കും പ്രദേശവാസികള്‍ക്കും സഞ്ചാരയോഗ്യമാക്കണമെന്നും അധികൃതരുടെ കല്ക്കുണ്ടിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.