നിലമ്പൂര്‍ ബൈപാസ് : സര്‍വേയെ ചൊല്ലി ഇരകളോട് തട്ടിക്കയറി എഇ
1497338
Wednesday, January 22, 2025 6:07 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ ബൈപാസ് ഇരകളോട് തട്ടിക്കയറി പൊതുമരാമത്ത് റോഡ്സ് വിഭാഗം അസിസ്റ്റന്റ് എന്‍ജിനിയറും (എഇ) ജീവനക്കാരും. നിലമ്പൂര്‍ പൊതുമരാമത്ത് റോഡ്സ് വിഭാഗം എഇയുടെ ഓഫീസിലാണ് ഇന്നലെ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
നിലമ്പൂര്‍ ബൈപാസിന് 30 വര്‍ഷം മുമ്പ് ഭൂമി വിട്ടുനല്‍കിയ മുക്കട്ട, വല്ലപ്പുഴ, അയ്യാര്‍പൊയില്‍ നിവാസികളോടാണ് പൊതുമരാമത്ത് റോഡ്സ് വിഭാഗം എഇ മുഹസിന് പ്രകോപിതനായത്. നിലമ്പൂര്‍ പൊതുമരാമത്ത് റോഡ്സ് വിഭാഗം എഇ ഓഫീസില്‍ നിലമ്പൂര്‍ ബൈപാസിന് ഭൂമി വിട്ടുനല്‍കിയ കുടുംബങ്ങള്‍ സര്‍വേ വൈകുന്നതിലുള്ള പ്രതിഷേധം അറിയിക്കാനും സര്‍വേ വേഗമാക്കാനും ആവശ്യപ്പെടാന്‍ എത്തിയപ്പോഴായിരുന്നു എഇ മോശമായി സംസാരിച്ചത്.
ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലെന്നും തങ്ങള്‍ക്ക് ഇഷ്ടമുള്ളപ്പോള്‍ മാത്രമേ സര്‍വേ നടക്കൂവെന്നും വെല്ലുവിളി ഉയര്‍ത്തിയതോടെ പരാതിക്കാർ എഇയുടെ നിലപാടിനെ ചോദ്യം ചെയ്തു.
ഇത് ഓഫീസിനുള്ളില്‍ നേരിയ വാക്കേറ്റങ്ങള്‍ക്കിടയാക്കി. കളക്ടറുടെ ഓഫീസ്, മഞ്ചേരി പൊതുമരാമത്ത് ഓഫീസ് എന്നിവിടങ്ങളില്‍ പോയപ്പോള്‍ മാന്യമായാണ് ജീവനക്കാര്‍ പെരുമാറിയത്. എന്നാല്‍ നിലമ്പൂര്‍ ഓഫീസില്‍ എത്തിയപ്പോള്‍ എഇ തങ്ങളെ അവഹേളിക്കുന്ന വിധമാണ് പെരുമാറിയതെന്നും ഇവര്‍ പറഞ്ഞു.
30 വര്‍ഷം മുമ്പ് 1996ല്‍ ബൈപാസിന് ഭൂമി വിട്ടുനല്‍കിയവരാണ് ഇന്ന് ദുരിതം പേറുന്നത്. സ്വന്തം ഭൂമി വില്‍ക്കാനോ വായ്പ എടുക്കാനോ കഴിയുന്നില്ല. പി.വി. അന്‍വറിന്റെ നേതൃത്വത്തില്‍ മാസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രി, ധനമന്ത്രി എന്നിവരെ കണ്ട് സ്ഥലംഉടമകള് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പുതിയ സര്‍വേ തുടങ്ങിയത്. എന്നാല്‍ ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലെന്ന കാര്യം പറഞ്ഞ് സര്‍വേ നടപടികള്‍ അകാരണമായി നീട്ടി കൊണ്ടുപോവുകയാണ്. അഞ്ച്, ആറ് ബ്ലോക്കുകള്‍ ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ല.
മുഖ്യമന്ത്രിയും കളക്ടറും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോട് പറയാനാണ് ധിക്കാരത്തോടെ എഇയുടെ മറുപടി. ഇത് തങ്ങളുടെ ഡ്യൂട്ടി അല്ലെന്നും ഇനി സര്‍വേ നടത്തില്ലെന്നും മറുപടി നല്കി. വൃക്കരോഗി, കാന്‍സര്‍ രോഗി എന്നിവര്‍ ഉള്‍പ്പെടെയുള്ളവരാണ് സര്‍വേ നടപടി പൂര്‍ത്തികരിച്ച് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ രാവിലെ 10.35ഓടെ നിലമ്പൂരിലെ പൊതുമരാമത്ത് റോഡ്സ് വിഭാഗം എഇയുടെ ഓഫീസിലെത്തിയത്. എഇ തങ്ങളോട് അപമര്യാദയായി പെരുമാറിയെന്നും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കുമെന്നും ഇവർ പറഞ്ഞു.