മഞ്ചേരി മെഡിക്കല്‍ കോളജിന് വേട്ടേക്കോട് ഭൂമി ഏറ്റെടുക്കണം: സംരക്ഷണ സമിതി
1507721
Thursday, January 23, 2025 5:30 AM IST
മഞ്ചേരി: സ്ഥലപരിമിതി മൂലം ശ്വാസംമുട്ടുന്ന മഞ്ചേരി മെഡിക്കല്‍ കോളജിന്റെയും ജനറല്‍ ആശുപത്രിയുടെയും വികസനത്തിനായി വേട്ടേക്കോട് ഭാഗത്ത് കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന 25 ഏക്കര്‍ ഭൂമിയും സൗജന്യമായി ലഭിക്കുന്ന 25 ഏക്കര്‍ ഭൂമിയും ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സംരക്ഷണ സമിതി ഭാരവാഹികള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്കി.
മെഡിക്കല്‍ കോളജില്‍ ആരോഗ്യവകുപ്പ് ജീവനക്കാരെ നിയമിക്കുമ്പോള്‍ നിലവിലെ ജനറല്‍ ആശുപത്രി ജീവനക്കാര്‍ സ്ഥലം മാറി പോകേണ്ടിവരികയാണ്. ഇത് ജനറല്‍ ആശുപത്രിയുടെ നിലനില്‍പ്പിന് പ്രയാസമുണ്ടാക്കുന്നു. ഇതിന് പരിഹാരമായി നിലവിലുള്ള ആശുപത്രി കെട്ടിടങ്ങളില്‍ ഒന്നില്‍ ജനറല്‍ ആശുപത്രി ഒപി ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
മഞ്ചേരി മെഡിക്കല്‍ കോളജ്, ജനറല്‍ ആശുപത്രി സംരക്ഷണ സമിതി ഭാരവാഹികളായ പറമ്പന്‍ റഷീദ്, എന്‍. മുഹമ്മദ്, ജയപ്രകാശ് കാമ്പുറം, അഡ്വ. പി.എം. സഫറുള്ള, ഉണ്ണികൃഷ്ണന് മംഗലശേരി എന്നിവരുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കിയത്. ഇതോടൊപ്പം ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍, ആരോഗ്യ മന്ത്രി വീണാജോര്‍ജ്, കായിക മന്ത്രി വി. അബ്ദുറഹിമാന് എന്നിവര്‍ക്കും നിവേദനം നല്കി.
സമിതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി ഫെബ്രുവരി എട്ടിന് ജില്ലയിലെ പ്രമുഖ വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ച് സെമിനാര്‍ നടത്തുന്നതിനും മഞ്ചേരി നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ പ്രചാരണം സംഘടിപ്പിക്കുന്നതിനും നിലവിലുള്ള താല്‍ക്കാലിക കമ്മിറ്റി വിപുലീകരിക്കുന്നതിനും സമിതി തീരുമാനിച്ചു.