നിലമ്പൂര്‍ ടൂറിസം കോണ്‍ക്ലേവ് മേയ് ആദ്യവാരത്തില്‍
1507722
Thursday, January 23, 2025 5:30 AM IST
നിലമ്പൂര്‍: ജനകീയ പങ്കാളിത്തത്തോടെ ടൂറിസം മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് നിലമ്പൂര്‍ ടൂറിസം ഓര്ഗനൈസേഷന് സംഘടിപ്പിക്കുന്ന ടൂറിസം കോണ്‍ക്ലേവ് മേയ് അഞ്ച്, ആറ് തിയതികളില്‍ നടക്കും. പരിപാടിയുടെ വിജയത്തിനായി സ്വാഗതസംഘം യോഗം ചേര്‍ന്നു. പി.വി. അബ്ദുള്‍ വഹാബ് എംപി ഉദ്ഘാടനം ചെയ്തു.
ടൂറിസം രംഗത്ത് നിലമ്പൂരിനെ ആഗോള ബ്രാന്ഡാക്കുകയാണ് ലക്ഷ്യമിടുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ കൂടി സഹകരണത്തോടെ വിവിധ ടൂറിസം പദ്ധതികള്‍ ആവിഷ്കരിക്കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികളില്‍ നിലമ്പൂര്‍ ടൂറിസത്തിന് ഇടം നല്‍കുക വഴി പ്രാദേശിക ടൂറിസം സ്ഥലങ്ങളുടെ വികസനവും ലക്ഷ്യമിടുന്നു.
രണ്ട് ദിവസത്തെ ടൂറിസം കോണ്‍ക്ലേവില്‍ വിശദമായ ചര്‍ച്ചകളും പദ്ധതി അവതരണവും നടക്കും. കേന്ദ്ര, സംസ്ഥാന മന്ത്രിമാരും ജനപ്രതിനിധികളും ആഗോളതലത്തില്‍ ശ്രദ്ധേയരായ ടൂറിസം രംഗത്തെ പ്രമുഖരും കോണ്‍ക്ലേവിന്റെ ഭാഗമാകും. കയാക്കിംഗ് ഫെസ്റ്റ്, നിലമ്പൂര്‍ മാരത്തണ്‍, മിനി ബോട്ട് റേസ്, വിന്‍ഡേജ് ബൈക്ക് റാലി, മഡ് ഫുട്ബോള്‍, കാളപൂട്ട് മത്സരം, ട്രക്കിംഗ്, സൈക്കിള്‍റാലി, പട്ടം പറത്തല്‍, കുതിരയോട്ടം, മെഹന്തി ഫെസ്റ്റ് എന്നിവ കോണ്‍ക്ലേവിന്റെ പ്രചാരണാര്‍ഥം നടക്കും.
വിവിധ സംസ്ഥാനങ്ങളിലെ ടൂര്‍ ഓപറേറ്റര്‍മാരെ പങ്കെടുപ്പിച്ച് ബി ടു ബി ട്രാവല്‍ മീറ്റും മുന്‍നിര കമ്പനികള്‍ ഉള്‍കൊള്ളുന്ന ടൂറിസം എക്സ്പോയും കോണ്‍ക്ലേവിന്റെ ആകര്‍ഷണങ്ങളാണ്. പി.വി. അബ്ദുള്‍ വഹാബ് എംപി ചെയര്‍മാനായി വിവിധ സബ്കമ്മിറ്റികള്‍ക്ക് യോഗം രൂപം നല്കി. നിലമ്പൂര്‍ ടൂറിസം ഓര്ഗനൈസേഷന് പ്രസിഡന്റ് ജോയ് മാരാട്ടുകുളം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വി. ഉമ്മര്‍കോയ പദ്ധതി അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം, നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി, വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹസ്കര്‍ ആമയൂര്‍, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ പി. മനോഹരന്, ഒ.ടി. ജെയിംസ്, നിലമ്പൂര്‍ നഗരസഭാ സ്ഥിരംസമിതി അധ്യക്ഷന്‍ സ്കറിയ കിനാംതോപ്പില്‍, ആര്യാടന് ഷൗക്കത്ത്തുടങ്ങിയവര്‍ പ്രസംഗിച്ചു.