വന്യമൃഗ ശല്യത്തിനെതിരേ കേരളാ കോണ്‍ഗ്രസ്-എം മാര്‍ച്ച് നടത്തി
1497339
Wednesday, January 22, 2025 6:07 AM IST
നിലമ്പൂര്‍: വന്യമൃഗശല്യത്തിനെതിരേ കേരളാ കോണ്‍ഗ്രസ്-എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിലമ്പൂര്‍ വനം ഡിവിഷന് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കേന്ദ്രവന നിയമം ഭേദഗതി ചെയ്യുക, വന്യജീവി ആക്രമണത്തിനും കൃഷി നശിപ്പിക്കുന്നതിനും ശാശ്വത പരിഹാരം കാണുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. വനിതകള്‍ ഉള്‍പ്പെടെ നൂറുക്കണക്കിന് പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.
മാര്‍ച്ച് ഓഫീസിന് മുന്നില്‍ പോലീസ് തടഞ്ഞു. കേരളാ കോണ്‍ഗ്രസ്-എം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ജെ. ദേവസ്യയാണ് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തത്. വനംവകുപ്പില്‍ ഉദ്യോഗസ്ഥ ഭരണമാണ് നടക്കുന്നതെന്നും വനപാലകര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്കുന്ന ഒരു നിയമവും നടപ്പാക്കാന്‍ പാര്‍ട്ടി അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വനംവകുപ്പ് കാര്യക്ഷമമാകണമെങ്കില്‍ മുഖ്യമന്ത്രി വനംവകുപ്പിന്റെ ചുമതല ഏറ്റെടുക്കണമെന്നാണ് തങ്ങളുടെ അഭിപ്രായമെന്നും കെ.ജെ. ദേവസ്യ പറഞ്ഞു.
കേരളാ കോണ്‍ഗ്രസ്-എം ജില്ലാ പ്രസിഡന്റ് പി.എം. ജോണി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സ്കറിയ ക്നാംതോപ്പില്‍, നിയോജക മണ്ഡലം പ്രസിഡന്റ് എം.എ. തോമസ്, സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. നാസര്ഖാന്, ജില്ലാ സെക്രട്ടറി ജെയ്സണ്‍, ജോര്‍ജ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.
ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് മേഴ്സി ജെയിംസ്, നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം അനിജാ സെബാസ്റ്റ്യന്‍, എഡ്വിന് തോമസ്, ലിജോ, കെ.യു. തോമസ്, സണ്ണി കട്ടക്കയം തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.