പുതിയ പാലത്തിന്റെ പ്രവൃത്തി തൂതപ്പുഴയില്‍ തുടങ്ങി
1497342
Wednesday, January 22, 2025 6:07 AM IST
പെരിന്തല്‍മണ്ണ: മലപ്പുറം-പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന തൂത പുഴയ്ക്ക് കുറുകെ പുതിയ പാലം നിര്‍മിക്കുന്നതിന് പുഴയുടെ ഒരു വശത്ത് മണ്ണിട്ട് നികത്തുന്ന പ്രവൃത്തിക്കു തുടക്കമായി. മുണ്ടൂര്‍-തൂത നാലുവരിപ്പാത നിര്‍മാണ പ്രവൃത്തികള്ക്കൊപ്പമാണ് തൂതപ്പുഴക്ക് കുറുകെ പുതിയ പാലം നിര്‍മാണവും ഉള്‍പ്പെടുത്തിയിട്ടുള്ളത്. മുണ്ടൂരില്‍ നിന്ന് തൂത വരെയുള്ള നിലവിലുണ്ടായിരുന്ന റോഡുകള്‍ വീതി കൂട്ടി ടാറിംഗും ഡിവൈഡറുകള്‍ സ്ഥാപിക്കലും ദ്രുതഗതിയില്‍ നടന്നുവരികയാണ്.
വീതി കുറവായ തൂത പാലത്തിന് സമാന്തരമായി പുതിയ പാലം നിര്‍മിക്കുവാന്‍ നേരത്തെ അനുമതി ആയിരുന്നു. പുഴയിലെ ജലത്തിന്റെ തോത്, ശക്തി, വ്യാപ്തി, വെള്ളത്തിന്റെ ഒഴുക്കിന്റെ ഗതി എന്നിവയെല്ലാം പഠന വിധേയമാക്കിയിരുന്നു. പാലക്കാട്, മലപ്പുറം ജില്ലകളെ കൂട്ടിയിണക്കുന്ന തൂത പാലം കാലോചിതമായി മാറ്റമില്ലാത്തതിനാല്‍ പാലത്തിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്പോൾ പ്രയാസം നേരിട്ടിരുന്നു.
പാലത്തിലൂടെയുള്ള കാല്‍നടയാത്രയും സുരക്ഷിതമല്ലായിരുന്നു. സ്കൂള്‍, ഓഫീസ് സമയങ്ങളിലാണ് വിദ്യാര്‍ഥികളടക്കമുള്ള കാല്‍നടക്കാരുടെ തിരക്കേറെയും. തൂത ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഉള്‍പ്പെടെ ഒട്ടേറെ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളാണ് നിത്യേന രണ്ടുനേരം പാലം കടക്കുന്നത്.
തൂതപ്പാലത്തിന് ഇരുഭാഗങ്ങളിലായാണ് തൂത അങ്ങാടി. ഇരുകരകളിലായുള്ള ചെര്‍പ്പുളശേരി നഗരസഭയിലും ആലിപ്പറമ്പ് പഞ്ചായത്തിലുമായാണ് വ്യാപാരസ്ഥാപനങ്ങളും ആരാധനാലയങ്ങളും. ഒരേസമയം രണ്ടുവാഹനങ്ങള്‍ കടക്കാന്‍ പാടുപെടുന്ന വീതികുറവായ പാലത്തില്‍ നടപ്പാത ഉണ്ടാക്കാനും കഴിയില്ലായിരുന്നു.
സ്ലാബുകളിലെ പ്രതലത്തില്‍ കാണപ്പെട്ട വിള്ളലിനെത്തുടര്‍ന്ന് പാലം അടച്ചിട്ടവേളയില് നടപ്പാതയുടെ ആവശ്യമുയര്‍ന്നെങ്കിലും വീതിക്കുറവ് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പെരിന്തല്‍മണ്ണ താലൂക്ക് വികസനസമിതി യോഗത്തിലും ഇക്കാര്യം ചര്‍ച്ചാവിഷയമായിരുന്നു. നിലവിലെ പാലത്തിന് സമാന്തരമായി പുതിയ പാലം വരുന്നതോടെ ജനങ്ങളുടെ ആശങ്കക്ക് പരിഹാരമാകും.