വീട്ടില്‍ തീപിടിത്തം; ആഭരണങ്ങള്‍ കാണാനില്ല
1487818
Tuesday, December 17, 2024 6:04 AM IST
മഞ്ചേരി: വീടിന്റെ കിടപ്പുമുറിയില്‍ തീപിടിത്തം. ഫര്‍ണിച്ചറുകളും മറ്റും കത്തി നശിച്ചു.
മഞ്ചേരി വീമ്പൂര് കണ്ണന്‍കുഴി ഉണ്ണികൃഷ്ണന്റെ വീട്ടിലാണ് ഇന്നലെ പകല്‍ 11.15ന് തീപിടിത്തമുണ്ടായത്.
വീട്ടില്‍ ഉണ്ണികൃഷ്ണന്റെ മരുമകള്‍ മാത്രമാണുണ്ടായിരുന്നത്. അഗ്നിബാധയില്‍ അലമാര, ഫാന്‍, ജനല്‍ എന്നിവ കത്തി നശിച്ചു. അലമാരയില്‍ സൂക്ഷിച്ചിരുന്ന 60 പവനോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായതായി ഗൃഹനാഥന് പറഞ്ഞു.
ഇതില്‍ മോതിരം, കൈ ചെയിന്‍ തുടങ്ങിയ കുറച്ച് ആഭരണങ്ങള്‍ പിന്നീട് അലമാരയുടെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങളില്‍ നിന്നു ലഭിച്ചുവെങ്കിലും ഭൂരിഭാഗവും നഷ്ടപ്പെട്ടു. മഞ്ചേരിയില്‍ നിന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്. എസ്എഫ്ആര്‍ഒ പ്രതീഷിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ ഹബീബ് റഹ്മാന്, അഷ്റഫുദ്ദീന്, അബ്ദുള്‍ ഷമീം, പ്രജിത്ത് സാബു, ശ്രീലേഷ് കുമാര്‍, ഗണേഷ് കുമാര്‍, അബ്ദുള്‍ സത്താര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.